
റിയാദ്: വിശുദ്ധ റമദാനുമായി ബന്ധപ്പെട്ട് പള്ളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി മതകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. റമദാനില്‍ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ സൗദി മതകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതിനാല്‍ രാത്രിയിലെ പ്രത്യേക പ്രാര്‍ത്ഥനക്ക് പള്ളിയുടെ അകത്തുള്ള സൗണ്ട് സിസ്റ്റം മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
സമീപത്തുള്ളവര്‍ക്ക് പ്രയാസം ഇല്ലാത്ത രൂപത്തിലായിരിക്കണം പള്ളികളില്‍ ലൌഡ് സ്പീക്കര്‍ ഉപയോഗിക്കേണ്ടത് എന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദേശം. ലൗഡ് സ്പീക്കറുകളുടെ എണ്ണം പരമാവധി കുറയ്ക്കുക, ദിവസം മുഴുവനും പള്ളി തുറന്നിടുക, യാചകവൃത്തി തടയുക തുടങ്ങിയവയും മന്ത്രാലയത്തിന്റെ കിഴക്കന്‍ പ്രവിശ്യാ മേധാവി സലാഹ് അല്‍ സാമി ഒപ്പ് വെച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.
പള്ളികളിലെ ഇമാമുമാര്‍ മക്കയിലെക്കോ മദീനയിലെക്കോ പോകാതെ റമദാന്‍ മുഴുവനും ജോലി ചെയ്യുന്ന പള്ളികളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്. പ്രാര്‍ഥനയുടെയും പ്രഭാഷണങ്ങളുടെയും സമയത്ത് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് തൊട്ടടുത്തുള്ള പള്ളികളില്‍ പ്രാര്‍ഥിക്കുന്നവരെ ബാധിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. റമദാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിന്റെ സമയത്ത് ലൌഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നും പള്ളിക്കകത്തുള്ള ശബ്ദ സംവിധാനം മാത്രമേ ഉപയോഗിക്കാവൂ എന്നും മക്കയില്‍ ഹറം പള്ളി പരിസരത്തുള്ള പള്ളികള്‍ക്ക് നേരത്തെ മതകാര്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam