ആരാണ് പുതിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Published : Jun 21, 2017, 04:13 PM ISTUpdated : Oct 04, 2018, 05:39 PM IST
ആരാണ് പുതിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Synopsis

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിനെ മണിക്കൂറുകള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. മി. എവരിത്തിംഗ് എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ച് കഴിഞ്ഞ ഇദ്ദേഹം ഇതിനകം തന്നെ രാജ്യഭരണത്തിന്‍റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത്‌നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് സല്‍മാന്‍ ഉയര്‍ത്തപ്പെടുന്നത്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിനായി സല്‍മാന്‍ രാജാവ് നിയോഗിച്ച സമിതിയുടെ തലവന്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പുതിയ പ്രഖ്യാപനത്തോടെ രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് മാറി. 

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സല്‍മാന്‍ രാജാവ് സൗദിയുടെ ഭരണത്തിലേറിയ നാള്‍ മുതല്‍ മകനായ സല്‍മാന്‍റെ ഈ പദവിയിലേക്കുള്ള കടന്ന് വരവ് അറബ് രാഷ്ട്രീയം നിരീക്ഷിക്കുന്ന പലരും പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. ആ പ്രവചനങ്ങളെ ശരിവച്ചാണ് സല്‍മാന്‍ പുതിയ അധികാരത്തിലേക്ക് ചുവട് വയ്ക്കുന്നത്. സല്‍മാന്‍ രാജാവിന്റെ മൂന്നാം ഭാര്യയിലെ മൂത്ത മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. നിയമത്തില്‍ ബിരുദമുള്ള സല്‍മാന്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി കടക്കുന്നതിന് മുന്‍പ് സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിച്ചത്. 

ഇപ്പോഴത്തെ സൗദി രാജാവ് റിയാദിന്‍റെ ഗവര്‍ണറായിരുന്ന സമയത്താണ് സല്‍മാന്‍ അദ്ദേഹത്തിന്‍റെ ഉപദേശകസ്ഥാനത്തേക്ക് വന്നുകൊണ്ട് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പിന്നീട് പിതാവിനൊപ്പം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു.  അബ്ദുള്ളാ രാജാവിന്റെ മരണശേഷം സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയപ്പോഴാണ് സല്‍മാന്‍ പ്രതിരോധ മന്ത്രിയാകുകയും ഡെപ്യൂട്ടി ക്രൗണ്‍ പ്രിന്‍സാകുകയും ചെയ്തത്. 

ആഗോള എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ സല്‍മാന്‍റെ നേതൃത്വത്തിലാണ് വിഷന്‍ ഫോര്‍ ദ് കിംങ്ഡം ഓഫ് സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. 

എണ്ണ ഉത്പന്നങ്ങള്‍, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് സൗദി നല്‍കി വന്നിരുന്ന സബ്‌സിഡി സല്‍മാന്‍ നിര്‍ത്തലാക്കി. ആഢംബര വസ്തുക്കള്‍ക്കും സുഗര്‍ ഡ്രിങ്ക്‌സിനും വാറ്റ് ഉള്‍പ്പെടെയുള്ള നികുതി സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തി. 2020 ഓടെ എണ്ണ ഇതര സ്രോതസ്സുകളില്‍നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികള്‍ കൊണ്ടുവന്നത്.

സാധാരണക്കാരായ ജനങ്ങളെ നികുതി ഭാരം കൊണ്ട് ബുദ്ധിമുട്ടിക്കുക എന്നതായിരുന്നില്ല സല്‍മാന്‍ രാജാവിന്‍റെ നയം മറിച്ച് സമ്പന്നര്‍ക്ക് മേല്‍ മാത്രം നികുതി ചുമത്തുക എന്നതായിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലും പരമ്പരാഗത ചിന്തയായിരുന്നില്ല സല്‍മാനുള്ളത്. സൗദിയില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ സാധിക്കില്ല, ആണ്‍ തുണയില്ലാതെ പുറത്തു പോകാന്‍ പാടില്ല. ഇത്തരം ആചാരങ്ങളില്‍ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് സല്‍മാന്‍. നബിയുടെ കാലത്ത് സ്ത്രീകള്‍ ഒട്ടകം ഓടിച്ചിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആധുനിക ഒട്ടകമായ കാര്‍ ഓടിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യ ഭരണകൂടങ്ങളുമായി സല്‍മാന് നല്ല ബന്ധമാണുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി അറേബ്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇപ്പോള്‍ സല്‍മാന്‍റെ സ്ഥാനാരോഹണം നടന്നിരിക്കുന്നത് എന്നത് യാദൃശ്ചികമായ ഒന്നല്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. 

ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരുന്ന സമയത്ത് സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം പറഞ്ഞത് അപാരമായ അറിവുള്ള വളരെ സ്മാര്‍ട്ടായ വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നായിരുന്നു. സല്‍മാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ ഹൂത്തികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, നിരന്തരമായ ബോംബ് വര്‍ഷം കൊണ്ട് യെമന്‍ നാമാവശേഷമായി മാറിയതല്ലാതെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളാണ് സൗദിയുടെ മിലിട്ടറി ഇടപെടലില്‍ ഇരയാക്കപ്പെട്ടത്. സൗദിയുടെ യെമനിലെ ഇടപെടലിന്  പിന്നില്‍ പ്രവര്‍ത്തിച്ചത് സല്‍മാന്‍റെ ബുദ്ധിയായിരുന്നു. 

ഇറാനുമായുള്ള സൗദിയുടെ രാഷ്ട്രീയ ശത്രുത പരസ്യമാണ്. ഇറാനുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും വേണ്ടി വന്നാല്‍ യുദ്ധം ഇറാനിലേക്ക് മാറ്റുമെന്നുള്ള നിലപാടാണ് സല്‍മാന്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം