
നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്ന മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ ലക്ഷക്കണക്കിന് സൗദികള്‍ ആണ് മുന്നോട്ട് വന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇരുപതിനായിരം പേര്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കി വരുന്നു. പ്രമുഖ കമ്പനികളുമായി സഹകരിച്ച് ഏഴ് മേഖലകളിലാണ് മൂന്ന് മാസം നീളുന്ന പരിശീലനം നടക്കുന്നത്. ഇതില്‍ പതിനഞ്ച് ദിവസം തിയറി ക്ലാസ് ആയിരിക്കും. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ബാഹ, അസീര്‍, അല്‍ ഖസീം എന്നീ മേഖലകളില്‍ ആണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്. ആറു സ്ഥലങ്ങളില്‍ കൂടി ഉടന്‍ തന്നെ പരിശീലനം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ഫോണ്‍ അഡ്വാന്‍സ്ഡ് മെയിന്റനന്‍സ് സെയില്‍സ് അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ തൊഴിലുകളില്‍ ആണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ സര്‍ട്ടിഫിക്കറ്റും നേരിട്ട് നിയമനംവും ലഭിക്കും. തിയറി പഠന കാലത്ത് ചുരുങ്ങിയത് മുവ്വായിരം റിയാല്‍ സ്‌റ്റൈപ്പന്റും പ്രാക്ടിക്കല്‍ പഠനകാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കും. മാനവശേഷി വികസന നിധിയില്‍ നിന്നാണ് ശമ്പളവും മറ്റും നല്‍കുന്നത്. ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ള പതിനെട്ട് വയസ് പൂര്‍ത്തിയായ സൗദി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിശീലനത്തിന് അപേക്ഷിക്കാം. മൊബൈല്‍ കടകളില്‍ ജൂണ്‍ ആറിനു മുമ്പായി അമ്പത് ശതമാനവും സെപ്റ്റംബര്‍ മൂന്നിന് മുമ്പായി നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കാനാണ് നിര്‍ദേശം. ഈ മേഖലയിലുള്ള ആയിരക്കണക്കിന് മലയാളികള്‍ തങ്ങളുടെ ജോലിയും സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam