അനുമതിയില്ലാതെ സ്കൂള്‍ ഫീസ്‌  വര്‍ധന: നടപടിയെടുക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ്

By Web DeskFirst Published Apr 17, 2018, 12:42 AM IST
Highlights
  • അനുമതിയില്ലാതെ സ്കൂള്‍ ഫീസ്‌  വര്‍ധന: നടപടിയെടുക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ്

റിയാദ്: അനുമതിയില്ലാതെ ഫീസ്‌ കൂട്ടുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് കൂട്ടുന്നതിനുള്ള അപേക്ഷ കഴിഞ്ഞ ദിവസം മുതൽ മന്ത്രാലയം സ്വീകരിച്ച് തുടങ്ങി. സൗദിയിലെ പല സ്കൂളുകളും ട്യൂഷന്‍ ഫീസ്‌ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. 

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ ട്യൂഷന്‍ ഫീസ്‌ വര്‍ധിപ്പിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദിലെ സ്വകാര്യ വിദ്യാഭ്യാസ ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധമായ സര്‍ക്കുലര്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്കൂളുകള്‍ക്ക് ലഭിച്ചു. 

ഓണ്‍ലൈന്‍ വഴിയാണ് ഫീസ്‌ വര്‍ധനവിന് മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനു മുമ്പ് സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രാലയത്തിന്റെ നൂര്‍ പ്രോഗ്രാമില്‍ അപ്ഡേറ്റ് ചെയ്യണം. അപേക്ഷാ ഫോമില്‍ ഏതെങ്കിലും വിവരം രേഖപ്പെടുത്താതിരിക്കുക, തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുക തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അപേക്ഷ തള്ളും. 

അപേക്ഷ പരിഗണിക്കാന്‍ സൗദി അധ്യാപകര്‍ക്ക് മതിയായ ശമ്പളം നല്‍കുക, സ്വദേശീവല്‍ക്കരണം നടപ്പിലാക്കുക തുടങ്ങിയ ഉപാദികളും മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. സ്കൂള്‍ കെട്ടിടം, ക്ലാസ് മുറികള്‍, പഠനം തുടങ്ങിയവയുടെ നിലവാരവും മന്ത്രാലയം പരിഗണിക്കും. ഇന്നലെ മുതല്‍ ഫീസ്‌ വര്ധനയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നുണ്ട്. മെയ്‌ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫീസ്‌ വര്‍ദ്ധിപ്പിച്ച സ്കൂളുകള്‍ എത്രയും പെട്ടെന്ന് അത് പിന്‍വലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

click me!