
സൗദി ആരോഗ്യ മന്ത്രാലയവുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് കരാറൊപ്പിട്ടു. സൗദി അറേബ്യയിലേക്ക് ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ നിയമനം ഇനി കൂടുതൽ സുതാര്യമാകും.
റിയാദിലെ സൗദി ആരോഗ്യമന്ത്രാലയം ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയം എച്ച്.ആർ. ജനറൽ മാനേജർ ആയിദ് അൽഹർതിയും നോർക്ക റൂട്ട്സ് സി.ഇ.ഒ, ഡോ.കെ.എൻ.രാഘവനും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. സൗദി അറേബ്യയിലേക്ക് ആവശ്യമായ ഡോക്ടർ,നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരെ റിക്രൂട്ട് ചെയ്യുവാനുള്ള അംഗീകാരമാണിത്. ഇതോടെ ഈ മേഖലയിലെ റിക്രൂട്ട്മെന്റ് കൂടുതൽ സുതാര്യവും ചെലവ് കുറഞ്ഞതും ഉത്തരവാദപരവും ആകുമെന്ന് നോര്‍ക്ക റൂട്ട് സിഇഒ പറഞ്ഞു. റിക്രൂട്ട്മെന്‍റ് ചെലവ് 20,000 രൂപയും ജി.എസ്.ടി ചാർജും ചേർന്ന തുകയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ളവർക്കാണ് മുൻഗണന. എന്നാൽ യോഗ്യരായ മറ്റ് സംസ്ഥാനക്കാർ അപേക്ഷിച്ചാൽ അവഗണിക്കില്ല. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ അതാത് സമയങ്ങളിൽ നോർക്ക വെബ്‌സൈറ്റിലും മാധ്യമങ്ങൾ വഴിയും പരസ്യപ്പെടുത്തും. തൊഴിലന്വേഷകർ www.jobnorka.gov.in എന്ന ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 2015 മുതൽ നോർക്ക റൂട്ട്സ് സൗദിയിലെ സ്വകാര്യമേഖല യിലെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തിവരുന്നുണ്ട്. ഇപ്പോൾ ആരോഗ്യ മേഖലയിലേക്ക് ഇരുനൂറോളം റിക്രൂട്ട്മെന്റുകളാണ് നടക്കുന്നത്. പൊതുമേഖലയിലെ അവസരങ്ങൾ കൂടി വരുന്നതോടെ ഇതിൽ വലിയ വർദ്ധനയുണ്ടാവും. മന്ത്രാലയവുമായി കരാർ ഒപ്പു വെച്ചതോടെ കൂടുതൽ സ്ഥാപനങ്ങൾ നോർക്കയെ സമീപിച്ച് തുടങ്ങുമെന്നും നോർക്ക സി.ഇ.ഒ.പറഞ്ഞു. സൗദിയില്‍ ഒഡെപെക്കിന് പുറമെ ഇന്ത്യയിൽ നിന്ന് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സർക്കാർ ഏജൻസിയാണ് നോർക്ക റൂട്ട്സ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam