വിദേശികളുടെ അനധികൃത ടാക്‌സി സര്‍വീസ്; സൗദിയില്‍ പരിശോധന ശക്തമാക്കി

By Web DeskFirst Published Jun 11, 2016, 6:59 PM IST
Highlights

ജിദ്ദ: വിദേശികള്‍ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്നത് കണ്ടെത്താന്‍ സൗദിയില്‍ പരിശോധന ശക്തമാക്കി. വിദേശികള്‍  സ്വന്തം പേരില്‍ വലിയ വാഹനങ്ങള്‍ വാങ്ങുന്നതിനു മുന്‍പായി ഗതാഗത വകുപ്പില്‍ നിന്നും  അനുമതി തേടണമെന്നും അധികൃതര്‍ അറിയിച്ചു. വിദേശികള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്നത് കണ്ടെത്തുന്നതിനു സൗദി ട്രാഫിക് വിഭാഗം പരിശോധന തുടങ്ങി.

ആറും അതില്‍ കൂടുതലും സീറ്റുകളുള്ള വാഹനനങ്ങള്‍ വിദേശികള്‍ തങ്ങളുടെ പേരില്‍ രജിസ്റ്റര് ചെയ്യുകയും അതു ഉപയോഗിച്ചു ടാക്‌സി സര്‍വീസ് നടത്തുകയും ചെയ്യുന്നത് ശ്രദ്ദയില്‍പെട്ടതോടെയാണ് ഇത് കണ്ടെത്തുന്നതിനു പരിശോധന നടത്തുന്നത്. പരിശോധനയില്‍ നിയമം ലംഘനം കണ്ടെത്തിയാല്‍ 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കും. കൂടാതെ വാഹനവും പിടിച്ചെടുക്കും.

ഏഴും അതില്‍ കൂടുതലും പേര്‍ക്കു സഞ്ചരിക്കാവുന്ന വാഹനങ്ങള്‍ വിദേശികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ ഉടമസ്ഥാവകാശം അവരുടെ പേരില്‍ മാറ്റി കൊടുക്കുകയോ ചെയ്യുന്നതിനു ട്രാഫിക് ടയറക്ടറേറ്റ് നിരോധന ഏര്‍പ്പെടുത്തി കൊണ്ട് കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കിയിരുന്നു. കുടുംബത്തോടപ്പം താമസിക്കുന്ന വിദേശികള്‍ക്കു ഈ നിരോധനം ബാധകമല്ല എന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 5 പേരില്‍ കൂടുതലായിരിക്കണം എന്ന വ്യവസ്ഥയുണ്ട്. സ്വന്തം പേരില്‍ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദേശികള്‍ തങ്ങളുടെ കുടുംബങ്ങളുടെ വിവരങ്ങള്‍ വാഹനത്തില്‍ സൂക്ഷിച്ചിരിക്കണമെന്നും ട്രാഫിക് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. എട്ട് പേര്‍ക്കു ഇരിക്കാവുന്ന വാഹനങ്ങള്‍ വാങ്ങുന്ന വിദേശികള്‍ മുന്‍ കൂട്ടി ട്രാഫിക് വകുപ്പില്‍ നിന്നും അനുമതിയും വാങ്ങിയിരിക്കണം.

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്‌സി സര്‍വീസ് നടത്തുന്നത് കണ്ടെത്താന്‍ ശക്തമായ പരിശോധന നടത്താന്‍ ട്രാഫിക് ഡയറക്ടറേറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

click me!