
സൗദിയില്‍ അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്നല്ലാതെ സ്‌ത്രീകള്‍ പരിശീലനം നേടരുതെന്ന് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്‌ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ സ്‌ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം അടുത്ത ജൂണ്‍ മാസത്തിലാണ് പ്രാബല്യത്തില്‍ വരുന്നത്. അപ്പോഴേക്കും വനിതാ ഡ്രൈവിംഗ് സ്കൂള്‍, ട്രാഫിക് പോലീസ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍. വനിതാ ഡ്രൈവിംഗ് പരിശീലകരെ ആവശ്യപ്പെട്ടു വ്യാപകമായ പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വന്നു കൊണ്ടിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സ്‌ത്രീകള്‍ വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ പല ഭാഗങ്ങളിലും സ്‌ത്രീകള്‍ വാഹനമോടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇതിനിടെ സ്‌ത്രീകള്‍ ഓടിച്ച വാഹനങ്ങള്‍ പല സ്ഥലങ്ങളിലും അപകടങ്ങളില്‍ പെട്ടു. ഇതുകാരണം രണ്ട് പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിലും റോഡുകളിലും വെച്ച് സ്‌ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതും നിയമവിരുദ്ധമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
എന്നാല്‍ ഡ്രൈവിങ്ങിനെ കുറിച്ചുള്ള ക്ലാസുകള്‍ പല ഭാഗങ്ങളിലും തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ട്രാഫിക് നിയമങ്ങളെ കുറിച്ചും, സുരക്ഷിതമായ ഡ്രൈവിങ്ങിനെ കുറിച്ചുമൊക്കെയുള്ള ക്ലാസുകളാണ് നടക്കുന്നത്. അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്ന് മാത്രമേ സ്‌ത്രീകള്‍ ഡ്രൈവിംഗ് പഠിക്കാവൂ എന്ന് ട്രാഫിക് വിഭാഗം നിര്‍ദേശിച്ചു. അംഗീകൃത സ്കൂളുകളുടെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. കിഴക്കന്‍ പ്രവിശ്യയില്‍ സ്‌ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന ചില അനധികൃത സ്ഥാപനങ്ങള്‍ പിടിയിലായിട്ടുണ്ട്. സ്‌ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള രാജാവിന്‍റെ ചരിത്രപരമായ ഉത്തരവ് നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രത്യേക സമിതി പഠിച്ചു വരികയാണ്. ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ട്രാഫിക് വിഭാഗം വക്താവ് താരിഖ് അല്‍ റുബിയാന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam