ഇറാനി തീര്‍ഥാടകരെ സ്വാഗതം ചെയ്യുമെന്ന് സൗദി

By Web DeskFirst Published Aug 13, 2016, 7:13 PM IST
Highlights

റിയാദ്: മറ്റു രാജ്യങ്ങള്‍ വഴി ഹജ്ജിനെത്തുന്ന ഇറാനി തീര്‍ഥാടകരെ സൗദി സ്വാഗതം ചെയ്യുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള നിരവധി തീര്‍ഥാടകര്‍ മറ്റു രാജ്യങ്ങള്‍ വഴി ഹജ്ജിനെത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇറാനിലെ തീര്‍ഥാടകരെ ആ രാജ്യം ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നതിനാല്‍ മറ്റു രാജ്യങ്ങള്‍ വഴി ഹജ്ജ് നിര്‍വഹിക്കാനാണ് പല തീര്‍ഥാടകരും ശ്രമിക്കുന്നത്. മറ്റു തീര്‍ഥാടകരെ പോലെ ഇറാനില്‍ നിന്നുള്ളവരെയും സൗദി സ്വാഗതം ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ പോലെ സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കാന്‍ ഇറാന്‍ ഇത്തവണ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര മുടങ്ങിയത്.

അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടു വെച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സൗദി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ബുധനാഴ്ച വരെ 129,442 തീര്‍ഥാടകര്‍ ഹജ്ജിനെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ഇതില്‍ 44,526 തീര്‍ഥാടകര്‍ ജിദ്ദ വഴിയും 88,833 തീര്‍ഥാടകര്‍ മദീന വഴിയുമാണ്‌ എത്തിയത്. ഇന്ത്യയില്‍ നിന്നും ഇതുവരെ കാല്‍ ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഹജ്ജിനെത്തിയത്.

ഇന്ത്യയില്‍ നിന്നും വെള്ളിയാഴ്ച വരെ 95 വിമാനങ്ങളിലായി ഇരുപത്തിയാറായിരത്തോളം തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്നവരുടെ കണക്കാണിത്. ഈ തീര്‍ഥാടകരെല്ലാം മദീനയിലാണ് വിമാനമിറങ്ങിയത്. ജിദ്ദയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ബുധനാഴ്ച തുടങ്ങും. എയര്‍ ഇന്ത്യ, സൗദിയ, നാസ് എയര്‍, സ്പൈസ് ജെറ്റ് എന്നിവയാണ് ഇതുവരെ ഇന്ത്യയില്‍ നിന്നും ഹജ്ജ് സര്‍വീസ് നടത്തിയത്.

click me!