വിദേശ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

By Web DeskFirst Published Aug 8, 2016, 7:37 AM IST
Highlights

റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനും അവരുടെ മുടങ്ങി കിടക്കുന്ന ശമ്പളവും ആനുകൂല്യവും നല്‍കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. ഇതിനായി 10 കോടി  റിയാലും അദ്ദേഹം അനുവദിച്ചു. ധനമന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തിന് രാജാവ് നിര്‍ദേശം നല്‍കി.

തൊഴിലാളികള്‍ക്കു പണം നല്‍കിയ വിവരങ്ങള്‍ ധന മന്ത്രാലയം അതാത് കമ്പനികളെ അറിയിക്കണം. ഇന്ത്യക്കാരായ തൊഴിലാളികളുട വിഷയത്തില്‍ സൗദി ഗവണമെന്റ് സ്വീകരിച്ച നടപടി ഇന്ത്യന്‍ അംബാസഡറെ ബോധ്യപ്പെടുത്താനും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് രാജാവ് നിര്‍ദേശിച്ചു. മറ്റു രാജ്യക്കാരായ തൊഴിലാളികളുടെ വിഷയത്തിലും നടപടി സ്വീകരിച്ചതായി അതാതു രാജ്യങ്ങളുടെ അംബാസഡര്‍മാരേയും ബോധ്യപ്പെടുത്തണം.

ഇതിനു അംബാസഡര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് രാജാവ് നിര്‍ദേശിച്ചു.കൂടാതെ തൊഴിലാളികളുടെ പാര്‍പിടങ്ങളിലെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉടന്‍ പരിഹരിക്കണം. പാര്‍പ്പിടങ്ങളില്‍ വൈദ്യതി, ജല വിതരണം മുടങ്ങിയിട്ടുണ്ടെങ്കില്‍ അതു പുനസ്ഥാപിക്കണം.തൊഴിലാളികള്‍ക്ക്ഭ ക്ഷണവും ചികിത്സയും നല്‍കുന്നതിനു നടപടിയുണ്ടാകണം.

നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വിമാന ടിക്കറ്റ് ലഭ്യമാക്കാന്‍ സൗദി എയര്‍ ലൈന്‍സുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജവാസാതില്‍ നിന്നും എക്‌സിറ്റ് ലഭ്യമാക്കാനന്‍ അഭ്യന്തര മന്ത്രാലയത്തോടും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തിരമായി നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു അവര്‍ക്കുഅവകാശപ്പെട്ട തുക അവരുടെ സ്വന്തം നാടുകളില്‍ എത്തിച്ചു നല്‍കുന്നതിനു ബന്ധപ്പെട്ട നിയമ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ, വിദേശ മന്ത്രാലയങ്ങളോടും രാജാവ് നിര്‍ദേശിച്ചു. മാത്രമല്ല തൊഴിലാളികള്‍ക്കു ഇതിനു ആവശ്യമായ രേഖകള്‍ നല്‍കുകയും വേണം.

പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പൈന്‍സ് തൊഴിലാളികളുട കാര്യത്തില്‍ കൈകൊണ്ട നടപടികള്‍ സംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രാലയത്തെ അറിയിക്കാനും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രിയോട് രാജാവ് നിര്‍ദേശിച്ചു. അതേസമയം വിദേശ തൊഴിലാളികളുടെയും സ്വദേശികളുടെയും ശമ്പള വിതരണത്തില്‍ കാലതാമസം വരുത്താന്‍ പാടില്ലെന്ന് പരമോന്നത സഭാ തലവന്‍  ഗ്രാന്‍റ് മുഫ്തി ഷെയ്ഖ് അബദുള്‍ അസീസ് അല്‍ ഷെയ്ഖ് നിര്‍ദ്ദേശിച്ചു.

ശമ്പള വിതരണത്തിന് കാലതാമസം വരുത്തുന്നത് തൊഴിലാളികളോടും അവരുടെ കുടുംബത്തോടുമുള്ള അനീതിയും അക്രമവുമാണെന്നും സൗദി ഗ്രാന്‍റ് മുഫ്തി പ്രസ്ഥാവനയിലൂടെ അറിയിച്ചു.  തീരുമാനങ്ങള്‍ രാജ്യത്ത് തൊഴില്‍ പ്രശ്നത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

click me!