ജിഷ്ണു കേസ്; സിബിഐ നിലപാടില്‍ അപാകതയുണ്ടെന്ന് സുപ്രീം കോടതി

By News deskFirst Published Nov 21, 2017, 1:11 PM IST
Highlights

ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാടില്‍ പ്രദമദൃഷ്ട്യാല്‍ തന്നെ അപാകതയുണ്ടെന്ന് സുപ്രീം കോടതി. തീരുമാനം എടുക്കേണ്ടത് സിബിഐ അല്ലെന്നും കേന്ദ്ര സര്‍ക്കാരാണെന്നും വ്യക്തമാക്കിയ കോടതി തീരുമാനം നാളെത്തന്നെ അറിയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  ഈ കേസ് കൂടുതല്‍ നീണ്ടുപോകാതെ തീരുമാനമെടുക്കാമെന്നും കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിനോടായിരുന്നു. 

എന്നാല്‍ ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് സിബിഐ. ഇക്കാര്യം വ്യക്തമാക്കി സിബിഐ സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിച്ചു. സിബിഐ അന്വേഷിക്കേണ്ട പ്രാധാന്യമില്ലെന്നും കേസുകളുടെ ബാഹുല്യമുണ്ടെന്നുമാണ് കത്തിൽ പറയുന്നത്. കേസേറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതിയെ നേരത്തെ സിബിഐ അറിയിച്ചിരുന്നു. 

ജോയിൻറ് ഡയറക്ടർ നാഗേശ്വര റാവുവാണ് കത്ത് നൽകിയത് . ജിഷ്ണു കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ നൽകിയ കത്ത് കണ്ടിട്ടില്ലെന്നായിരുന്നു സിബിഐ കോടതിയിൽ ആദ്യം വിശദീകരിച്ചത്.  പക്ഷെ ആഗസ്റ്റ് 10ന് സർക്കാർ നൽകിയ നൽകിയ കത്തിലെ ആവശ്യങ്ങള്‍ മറുപടിയിൽ സിബിഐ വിവരിക്കുന്നുണ്ട്. കേസുകളുടെ ബാഹുല്യം കാരണം കേസേറ്റെടുക്കാനാവില്ലെന്ന് സിബിഐയുടെ നിലപാടിൽ സർക്കാറിന് അമർഷമുണ്ട്.  

സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കേന്ദ്രം ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മഹിജ പറഞ്ഞു.

click me!