തലാഖ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡിനോട് സുപ്രീംകോടതി

By Asianet NewsFirst Published Apr 22, 2016, 7:45 AM IST
Highlights

ദില്ലി: തലാഖ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡിന് നോട്ടീസയച്ചു. ആറ് ആഴ്ചയ്ക്കകം ഇത് സംബന്ധിച്ച് മുസ്ലിം വ്യക്തിനിയമബോർഡ് മറുപടി നൽകണം. തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് ഷായരാ ബാനു എന്ന ഉത്തരാഖണ്ഡ് സ്വദേശിനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

1980 കളിലെ ഷാ ബാനു കേസിന് സമാനമായി മറ്റൊരു കോളിളക്കമുണ്ടാക്കാൻ പോന്നതാണ് ഷായരാ ബാനു കേസും. വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്കും ജീവനാംശം വേണമെന്നാവശ്യപ്പെട്ട് ഷാ ബാനു എന്ന 62 കാരി നൽകിയ ഹർജിയും അതേത്തുടർന്ന് സുപ്രീംകോടതിയിൽ നിന്നുണ്ടായ അനുകൂലവിധിയും മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ചും ശരീ അത്തിനെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് കഴിഞ്ഞ ഒക്ടോബറിൽ ഷായരാ ബാനു സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച സുപ്രീംകോടതി ആറ് ആഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡിന് നിർദേശം നൽകി. ക്രൂരമായ പീഡനങ്ങൾക്കൊടുവിലാണ് താൻ തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കാൻ തീരുമാനിച്ചതെന്ന് അപ്പീൽ നൽകിയ ഷായരാ ബാനു പറയുന്നു. ആറ് തവണയാണ് ഭർത്താവ് തന്നെ ഗർഭച്ഛിദ്രം നടത്തിച്ചതെന്നും ഒടുവിൽ ഒരു വെള്ളക്കടലാസിൽ മൂന്നുതവണ തലാഖ് എന്നെഴുതി നൽകി ബന്ധം അവസാനിപ്പിയ്ക്കുകയായിരുന്നെന്നും ഷായരാ ബാനു വെളിപ്പെടുത്തുന്നു.

എന്നാൽ മുസ്ലിം വ്യക്തിനിയമത്തിൻമേലുള്ള ഒരു കടന്നു കയറ്റവും അനുവദിയ്ക്കേണ്ടതില്ലെന്നാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡിന്‍റെ തീരുമാനം. ഷായരാ ബാനുവിന്‍റെ ഹർജിയ്ക്കെതിരെ വ്യക്തിനിയമബോർഡും സുപ്രീംകോടതിയെ സമീപിച്ചേയ്ക്കും.

click me!