
ദില്ലി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര--സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് നാല് ആഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് തെഹ്സിന് പൂനംവല നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ തന്നെ അക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ജനങ്ങള്‍ നിയമം കൈയിലെടുത്ത് നരനായാട്ട് നടത്തുന്നത് തടയണമെന്ന് അന്തിമവിധിയില്‍ സുപ്രീംകോടതി പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ല. ആള്‍ക്കൂട്ട അക്രമങ്ങളില്‍ പങ്കെടുക്കന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പ്രത്യേക നിയമം കൊണ്ടു വരണം.കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നടപടി ഇക്കാര്യത്തിലുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ടം ആളുകളെ കൊല്ലുന്പോള്‍ മരവിച്ച മനസ്സോടെ അത് പൊതുജനം നോക്കി നില്‍ക്കുന്ന അവസ്ഥ രാജ്യത്തുണ്ടെന്ന് വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ കാഹളം മുഴക്കണമെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam