രാഷ്‌ട്രീയ പാര്‍ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു

By Web DeskFirst Published Jan 11, 2017, 2:11 PM IST
Highlights

ദില്ലി: രാഷ്‌ട്രീയ പാര്‍ടികളെ ആദായനികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി അല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്  വ്യക്തമാക്കി.

സാധാരണക്കാരുടെ ചെറിയ വരുമാനത്തിന് പോലും ആദായ നികുതി ഈടാക്കുമ്പോള്‍ രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് കിട്ടുന്ന സംഭാവന നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് വിവേചനപരവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍.ശര്‍മ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നികുതി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കാര്‍ഷികവരുമാനത്തെ രാജ്യത്ത് നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് കിട്ടുന്ന സംഭാവനയെ  എന്തുകൊണ്ട് നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നും കോടതി ചോദിച്ചു. ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് പ്രകാരമാണ് രാഷ്‌ട്രീയ പാര്‍ടികളുടെ വരുമാനത്തെ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്.

നികുതി ഇളവ് വലിയ സാമ്പത്തിക ക്രമക്കേടുകള്‍ക്കാണ് കാരണമാകുന്നതെന്നും രാഷ്‌ട്രീയ പാര്‍ടികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. അക്കാര്യങ്ങളും കോടതി അംഗീകരിച്ചില്ല.

click me!