
ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും പല സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി. പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തെ അതൃപ്തി അറിയിച്ചത്. കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും പാന്‍ കാര്‍ഡിന് പോലും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സി പി ഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ആദായനികുതി റിട്ടേണുകള്‍ക്ക് വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകി വാദിച്ചത്. ആദായ നികുതി റിട്ടേണുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പല പേരുകളില്‍ ഒരാള്‍ തന്നെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ എടുത്ത് നികുതി വെട്ടിപ്പ് നടത്തുന്ന സാഹചര്യവും ഉണ്ടെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം വാദങ്ങളിലൂടെ എല്ലാവരെയും നിര്‍ബന്ധിച്ച് ആധാര്‍ കാര്‍ഡ് എടുപ്പിക്കാനാണോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ആദാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ എന്തിനാണ് ഇത്തരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് കോടതി ആരാഞ്ഞു. ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ പാന്‍ കാര്‍ഡ് തന്നെ റദ്ദാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയ സുപ്രീംകോടതി കേസ് വാദം കേള്‍ക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam