ഗോരക്ഷാ സംഘങ്ങളെ നിരോധിക്കൽ; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ്

By Web DeskFirst Published Apr 7, 2017, 7:21 AM IST
Highlights

ദില്ലി: ഗോരക്ഷയുടെ പേരിൽ അക്രമം നടത്തുന്ന സംഘങ്ങളെ നിരോധിക്കുന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗോരക്ഷാ സംഘങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് തെഹ്സീൻ പൂനാവാല നല്കിയ പൊതു താല്‍പര്യ ഹർജിയാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പരിഗണിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കണം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാരിനു പുറമെ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ട് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കോൺഗ്രസ് ഭരണമുള്ള കർണ്ണാടകത്തിനും നോട്ടീസുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദ്ദേശം. രാജസ്ഥാനിലെ അൽവാറിൽ ഗോക്കളെ കടത്തിയെന്നാരോപിച്ച് പെഹ്ലു ഖാനെന്ന വ്യപാരിയെ മർദ്ദിച്ചു കൊന്ന സംഭവം ദേശീയതലത്തിൽ ചർച്ചയായ സമയത്താണ് കോടതിയുടെ ഈ ഇടപെടൽ.

ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് ഇന്നലെ രാജ്യസഭയിൽ പറഞ്ഞ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി ഇന്ന് നിലപാട് മാറ്റി. പെഹ്ലുഖാന്റെ മരണം മർദ്ദനത്തിലേറ്റ പരിക്കു കാരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.വിവാദത്തിനിടയിലും ഗോരക്ഷാ നടപടികൾക്ക് ഫണ്ട് സ്വരൂപിക്കാനായി സ്റ്റാംപ് ഡ്യൂട്ടിക്കു മേൽ പത്തു ശതമാനം സർച്ചാർജ് ഏർപ്പെടുത്താൻ രാജസ്ഥാൻ തീരുമാനിച്ചു. എന്തായാലും ഇതാദ്യമായാണ് ഗോരക്ഷാ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിന് കളമൊരുങ്ങുന്നത്.  രാജസ്ഥാനിലെ അൽവാറിൽ ഗോരക്ഷാസംഘം ഒരു വ്യാപാരിയെ മർദ്ദിച്ചു കൊന്ന വിഷയത്തിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വച്ചു.
 

 

click me!