നിര്‍ഭയകേസ്; പ്രതികളുടെ വധശിക്ഷ ശരിവെച്ചു

By Web DeskFirst Published May 5, 2017, 3:33 AM IST
Highlights

ദില്ലി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പ്രതികള്‍ ചെയ്‌തത് സമാനതയില്ലാത്ത ക്രൂരകൃത്യമെന്നും കോടതി വ്യക്തമാക്കി. ദില്ലിയില്‍ ഓടുന്ന ബസില്‍ നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്. ശക്തമായ ഭാഷയിലാണ് സുപ്രീംകോടതിയുടെ വിധിപ്രസ്‌താവം. ചിന്തിക്കാന്‍പോലും സാധിക്കാത്ത കുറ്റമാണിത്. രാജ്യത്ത് ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കരുത്. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും വിധിപ്രസ്‌താവത്തില്‍ സുപ്രീംകോടതി പറഞ്ഞു.

2012 ഡിസംബര്‍ പതിനാറിന് രാത്രി ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആറു പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതി രാംസിംഗ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ പാര്‍പ്പിക്കാന്‍ ഉത്തവിട്ടു. മറ്റു നാലു പേര്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു. ദില്ലി ഹൈക്കോടതി ഈ വിധി ശരിവച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 19 മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്.

ജസ്റ്റിസുമാരായ ദീപ്ക മിശ്ര, വി ഗോപാല ഗൗഡ, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ആദ്യം കേസ് കേട്ടത്. പിന്നീട് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ചിലേക്ക് കേസ് പിന്നീട് മാറ്റി. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, സഞ്ജയ് ഹെഗ്‌ഡെ എന്നിവരെ കേസില്‍ കോടതിയെ സഹായിക്കാനുള്ള അമിക്കസ് കൂറിമാരായി നിയമിച്ചു. ദില്ലി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചു എന്ന് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ വാദിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന വാദം അമിക്കസ് കൂറി രാജു രാമചന്ദ്രന്‍ ഉന്നയിച്ചു. തെളിവുകളുടെ വിശ്വാസ്യത മറ്റൊരു അഭിഭാഷകനായ സഞ്ജയ് ഹെഡ്‌ടെ ചോദ്യം ചെയ്യുകയും ചെയ്തു.

click me!