വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്.സി-എസ്.ടി കമ്മീഷന്‍

By Web DeskFirst Published Apr 7, 2017, 6:06 PM IST
Highlights

വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ  പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പട്ടികജാതി, പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ പി.എൻ വിജയകുമാർ. വാളയാറിൽ ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തി. അതേ സമയം നെന്മാറയിൽ ആദിവാസി യുവാവിനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ  കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം തൃപ്തികരമാണെന്നാണ് പട്ടിക ജാതി,- പട്ടിക വർഗ്ഗ കമ്മീഷന്‍റെ നിലപാട്. മൂത്ത പെൺകുട്ടിയുടെ മരണം നടന്ന സമയത്ത് പട്ടിക-ജാതി വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്തിരുന്നില്ലെന്നത് മാത്രമാണ് കമ്മീഷന് ബോധ്യമായ പിഴവ്. എന്നാൽ ഇക്കാര്യം പിന്നീട് പോലീസ് പരിഹരിച്ചിട്ടുണ്ട്. അന്വേഷണത്തിലെ മറ്റു ഘടകങ്ങളെല്ലാം പോലീസ് പാലിച്ചിട്ടുമുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പി.എന്‍ വിജയകുമാര്‍ പറഞ്ഞു. ആദിവാസി യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ നെൻമാറ പോലീസ് സ്റ്റേഷനിലും കമ്മീഷൻ തെളിവെടുത്തു. യുവാവിന് കസ്റ്റഡിയിൽ മർദ്ദനമേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി

click me!