
ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളവും അനുബന്ധ വിവരങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ബംഗളുരു പരപ്പന അഗ്രഹാര ജയില്‍ അധികൃതരോടും യുഐഡിഎഐയോടുമാണ് ഹൈക്കോടതി വിരലടയാളം ഡിസംബര്‍ 8നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
2016 നവംബറില്‍ നടന്ന തിരുപ്പരന്‍കുണ്ട്രം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്നത്തെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന പി ശരവണന്‍ നല്‍കിയ പരാതിയിലാണ് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നവംബര്‍ 24ന് ഹൈക്കോടതി ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ജയലളിതയുടെ അനുമതിയില്ലാതെയാണ് വിരലടയാളം ശേഖരിച്ചതെന്നായിരുന്നു എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന എ കെ ബോസിനെതിരെ ശരവണന്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണം.
എന്നാല്‍ ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് ബോസ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തരിച്ചവരുടെയും സ്വകാര്യത മാനിക്കേണ്ടതുണ്ടെന്നും വ്യക്തിയുടെ അനുവാദമില്ലാതെ എങ്ങനെ സ്വകാര്യ വിവരങ്ങള്‍ നല്‍കുമെന്നും ഹര്‍ജിയില്‍ ബോസ് ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
2016 ഡിസംബര്‍ 5നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത അന്തരിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2014ലാണ് ജയലളിത കര്‍ണാടകയിലെ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചത്. സുപ്രീം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതോടെ 21 ദിവസത്തിന് ശേഷം ജയലളിത ജയില്‍ മോചിതയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam