
ദില്ലി: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്കും നിയുക്ത മുഖ്യമന്ത്രി ശശികലയ്ക്കുമെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകുമെന്ന് സുപ്രീംകോടതി. നിര്‍ണായകമായ കോടതിവിധി വരാനിരിയ്ക്കുമ്പോഴും മന്ത്രിസഭയിലും ഉദ്യോഗസ്ഥതലത്തിലും അഴിച്ചുപണികള്‍ക്ക് തയ്യാറെടുക്കുകയാണ് ശശികല നടരാജന്‍. ഒ പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കി പുതിയ മന്ത്രിസഭ രൂപീകരിയ്ക്കാനും കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റാനും ശശികല ലക്ഷ്യമിടുന്നു. 2014 സെപ്തംബര്‍ 24 ന് കര്‍ണാടകയിലെ വിചാരണക്കോടതി ജയലളിതയ്ക്കും തോഴി ശശികലയ്ക്കും നാല് വര്‍ഷത്തെ തടവ് ശിക്ഷയും നൂറ് കോടി രൂപ പിഴയും വിധിച്ചു· 2015 മെയില്‍ കര്‍ണാടക ഹൈക്കോടതി വിചാരണക്കോടതി വിധി റദ്ദാക്കുകയും ജയലളിതയെയും മറ്റ് പ്രതികളെയും വെറുതെ വിടുകയും ചെയ്തു· ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഒന്നരവര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിന് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.
ജയലളിത അന്തരിച്ച് രണ്ട് മാസത്തിനു ശേഷം ശശികല തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്തുന്നുവെന്ന പ്രഖ്യാപനം വന്ന് പിറ്റേന്നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നത്. കേസിന്റെ വാദം പൂര്‍ത്തിയായി എട്ട് മാസത്തോളമായിട്ടും വിധി വന്നിട്ടില്ലെന്ന് കര്‍ണാടക അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞപ്പോള്‍ ഒരാഴ്ച കൂടി കാത്തിരിക്കൂ എന്നായിരുന്നു ജസ്റ്റിസ് പി സി ഘോഷ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. കോടതി വിധി വരാനിരിയ്ക്കുന്‌പോഴും ഭരണതലത്തിലും പാര്‍ട്ടി തലത്തിലും നടത്തേണ്ട അഴിച്ചുപണികളെക്കുറിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ പോയസ് ഗാര്‍ഡനില്‍ നടക്കുന്നുണ്ട്. ദില്ലിയിലുള്ള ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു തിരിച്ചെത്തിയ ശേഷം വ്യാഴാഴ്ച സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഒ പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കി മന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും. സ്ഥാനമൊഴിഞ്ഞ ഷീലാ ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പുറമേ ഇന്റലിജന്‍സ് മേധാവി കെ എന്‍ സത്യമൂര്‍ത്തിയുള്‍പ്പടെ കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനമുണ്ടാകും.
പൊതുജനങ്ങള്‍ക്കിടയിലെ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ജയലളിതയുടെ പേരില്‍ പദ്ധതികള്‍ പ്രഖ്യാപിയ്ക്കാനും ടാസ്മാക് കടകളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പടെയുള്ള ജനപ്രിയപ്രഖ്യാപനങ്ങള്‍ നടത്താനുമാണ് ശശികല ആദ്യം ശ്രമിയ്ക്കുക. കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയ്ക്ക് അനഭിമതമായി മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്തിയ ശശികലയ്ക്ക് കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധം സൂക്ഷിയ്ക്കുകയെന്നത് തന്നെയാണ് പ്രധാനവെല്ലുവിളി. ആറ് മാസത്തിനകം ആര്‍ കെ നഗറില്‍ നിന്നോ തെക്കന്‍ തമിഴ്‌നാട്ടിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നോ ശശികലയ്ക്ക് ജനവിധി തേടിയേ തീരൂ. ഫെബ്രുവരി 24 ന് ജയലളിതയുടെ ജന്‍മദിനത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിയ്ക്കുമെന്ന് വ്യക്തമാക്കുന്ന ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഒരു വശത്തുണ്ട്. എന്തായാലും തമിഴ്‌നാട്ടില്‍ വരാനിരിയ്ക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ശശികലയുടെ സ്ഥാനാരോഹണത്തെക്കുറിച്ചുള്ള ജനവികാരം പ്രതിഫലിയ്ക്കുമെന്നുറപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam