സംസ്ഥാനത്തെ ദേശീയ സംസ്ഥാന പാതയോരം നാളെ മുതല്‍ മദ്യവിമുക്തം

By Web DeskFirst Published Mar 31, 2017, 1:09 PM IST
Highlights

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യ ശാലകൾക്ക് നിരോധനം ഏര്‍പ്പെടുത്തി സുപ്രീം കോടതി വിധി വന്നതോടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് വരെ പൂട്ടുവീഴുന്ന അവസ്ഥയാണ്. കോടതി വിധി അംഗീകരിക്കുന്നു എന്നും വിധിന്യായം വന്ന ശേഷമെ തുടര്‍ നടപടികൾ ആലോചിക്കു എന്നും എക്സൈസ് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു

സുപ്രീം കോടതി വിധി ബാറുകൾക്ക് ബാധകമാകില്ലെന്നായിരുന്നു കേരളത്തിന് കിട്ടിയ നിയമോപദേശം. മാത്രമല്ല  വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. ഇതോടെ  ബവറേജസ് കോര്‍പറേഷന്റെ 144 ഔട് ലറ്റുകൾ ഒറ്റ രാത്രികൊണ്ട് മാറ്റുകയോ ഉടനടി പൂട്ടുകയോ വേണം. 

കണ്‍സ്യൂമര്‍ ഫെഡിന്റെ 13 ഔട്ട് ലറ്റുകള്‍ക്കും പൂട്ടു വീഴും . ദേശീയ സംസ്ഥാന പാതയോരത്തെ 500 ഓളം ബിയര്‍ വൈൻ പാര്‍ലറുകളിലും  20 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മദ്യം വിൽക്കാനാകില്ല . കള്ളുഷാപ്പുകൾക്കും ക്ലബ്ബുകൾക്കും വിധി ബാധകമാണ്

മലപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി മദ്യ നയം എന്ന് തീരുമാനിച്ച സര്‍ക്കാറിനെയും സുപ്രീം കോടതി വിധി വെട്ടിലാക്കി . ടൂറിസം പ്രതിസന്ധിയടക്കമുള്ള കാരണങ്ങൾ നിരത്തി യുഡിഎഫിന്Jz മദ്യ നയത്തിൽ നിന്ന് ബാറുകളെ ഒഴുവാക്കിയെടുക്കുന്നതിന് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെയാണ് എല്ലാ പഴുതും അടച്ച് കോടതി വിധി .

click me!