
ദില്ലി: കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. സ്കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ 75 വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന സംസ്ഥാനസർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതോടെ ബുധനാഴ്ചയ്ക്കകം സ്കൂൾ സംസ്ഥാന സർക്കാരിന് അടച്ചുപൂട്ടേണ്ടി വരുമെന്നുറപ്പായി.
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, ജസ്റ്റിസ് അമിതാവ റോയ് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് സംസ്ഥാനസർക്കാരിന്റെ അപ്പീൽ പരിഗണിച്ചത്. ബുധനാഴ്ചയ്ക്കകം സ്കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് അപ്പീൽ അടിയന്തരമായി പരിഗണിയ്ക്കണമെന്ന് സംസ്ഥാനസർക്കാർ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. പിന്നീട് സുപ്രീംകോടതി രജിസ്ട്രാർക്ക് നൽകിയ പ്രത്യേക അപേക്ഷയിൻമേലാണ് അപ്പീൽ പരിഗണിയ്ക്കാൻ തീരുമാനിച്ചത്.
പുതിയ അധ്യയനവർഷം തുടങ്ങിയ സാഹചര്യത്തിൽ സ്കൂൾ ഇപ്പോൾ അടച്ചുപൂട്ടിയാൽ എഴുപത്തിയഞ്ചോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വാദിച്ചു. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് സ്കൂൾ പ്രവർത്തിയ്ക്കുന്നതെന്നും അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നത് തങ്ങളായതിനാൽ സ്കൂൾ പൂട്ടരുതെന്ന് പറയാനുള്ള അവകാശമുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. വാണിജ്യാവശ്യത്തിനാണ് സ്കൂൾ മാനേജർ സ്കൂൾ പൂട്ടാനൊരുങ്ങുന്നതെന്നും സർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഈ വാദങ്ങളെല്ലാം തള്ളി.
ലാഭകരമല്ലെന്ന് ചൂണ്ടികാട്ടി സ്കൂൾ പൂട്ടാൻ നോട്ടീസ് കാലാവധിയുൾപ്പടെയുള്ള നടപടിക്രമങ്ങൾ ചട്ടമനുസരിച്ച് സ്കൂൾ മാനേജ്മെന്റ് പാലിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂൾ പൂട്ടുന്ന സാഹചര്യമൊഴിവാക്കാൻ സംസ്ഥാനസർക്കാരിന് വേണ്ടത്ര സമയമുണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്കൂൾ അടച്ചു പൂട്ടി റിപ്പോർട്ട് സമർപ്പിയ്ക്കാനും സുപ്രീംകോടതി നിർദേശിച്ചു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയാൽ പൊലീസ് സഹായത്തോടെ സ്കൂൾ അടച്ചു പൂട്ടി ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam