
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മുഴുവൻ വിധികർത്താക്കളുടെയും ഫോൺ നമ്പറുകളും വിവരങ്ങളും വിജിലൻസിന് കൈമാറി. സംഘാടക സമിതി അംഗങ്ങളും വിജിലൻസ് നിരീക്ഷണത്തിലായിരിക്കും. നാളെ കലോത്സവം തുടങ്ങാനിരിക്കെയാണ് കോഴയ്‍ക്ക് തടയിടാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർണ്ണായക നീക്കം.
കോഴയുടെ കരിനിഴൽ മായ്ച്ച് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയാണ് ലക്ഷ്യം. മത്സരങ്ങളും വിധികർത്താക്കളും സംഘാടകരുമെല്ലാം വിജിലൻസ് നിഴലിലായിരിക്കും. 600 വിധികർത്താക്കളുടേയും ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും വിജിലൻസിന് കൈമാറി. ഇടവേളകളിലെ ഫോൺ വിളിവഴിയാണ് ഫലം ഉറപ്പിക്കലെന്ന ഏജന്റുമാരുചെ വെളിപ്പെടുത്തലുകളുടെ കൂടെ അടിസ്ഥാനത്തിലാണ് നടപടി. സംഘാടക സമിതി അംഗങ്ങളും നിരീക്ഷണത്തിലാകും.
മൂന്നു വർഷം വിധി കർത്താക്കളായവരെ ഇത്തവണ ഒഴിവാക്കി. ജില്ലാ തലത്തിലെ വിധി കർത്താക്കൾ സമാനമായ ഇനത്തിൽ സംസ്ഥാന തലത്തിൽ ഫലം വിലയിരുത്താനുണ്ടാകില്ല. കലാമണ്ഡലം, ഫൈൻ ആർട്സ് കോളേജ്, സ്കൂൾ ഓഫ് ഡ്രാമാ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പാനലിൽ നിന്നാണ് വിധി കർത്താക്കൾ ഏറെയും.
അപ്പീൽ വഴി ഫലം ഉറപ്പിക്കാനുള്ള നീക്കങ്ങളും നിരീക്ഷണത്തിലാണ് ഇതുവരെ ലഭിച്ചത് 505 അപ്പീലുകൾ മാത്രം. മുൻ വർഷം 850. അപ്പീലുകൾ അനുവദിക്കും മുമ്പ് വിദ്യാഭ്യാസവകുപ്പിന്റെ കൂടി നിലപാട് തേടണമെന്ന് ബാലാവകാശ കമ്മിഷൻ അടക്കമുള്ള സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇത്രയും വിപുലമായ വിജിലൻസ് വലയം ഭേദിച്ച് കോഴസംഘം ഇത്തവണയും ഇറങ്ങുമോ എന്നുള്ളതാണ് കണ്ണൂർ കലോത്സവം ഉയർത്തുന്ന പ്രധാന ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam