വിമാനത്തിനായുള്ള തെരച്ചില്‍ നാലാം ദിവസത്തിലേക്ക്

By Web DeskFirst Published Jul 25, 2016, 1:13 AM IST
Highlights

വെള്ളിയാഴ്ച രാവിലെ 8.46ഓടുകൂടി ചെന്നൈ താംബരം വ്യോമസേനാ ആസ്ഥാനത്തിന് 151 മൈല്‍ ദൂരത്തായാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിനുവേണ്ടി സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ വിപുലമായ തെരച്ചില്‍ നടത്തിയിട്ടും ഫലം കാണാതിരുന്നതുകൊണ്ടാണ് പ്രതിരോധമന്ത്രാലയം ഐഎസ്ആര്‍ഒയുടെ സഹായം തേടിയത്. ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ സൈന്യം തെരച്ചില്‍ നടത്തുന്ന 350 നോട്ടിക്കല്‍ മൈല്‍ ചുറ്റളവിലുള്ള പ്രദേശത്തിന്റെ ചിത്രങ്ങളെടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു മേഖലയില്‍ സമുദ്രോപരിതലത്തില്‍ ചില വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായി ചിത്രങ്ങള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ട് വീണ്ടും വരുന്നത്. ഈ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചശേഷം ഈ മേഖലയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാനാണ് തെരച്ചില്‍ സംഘത്തിന്റെ തീരുമാനം. ചിത്രത്തില്‍ കണ്ടെത്തിയ വസ്തുക്കള്‍ കണ്ടെടുത്ത് പരിശോധിച്ചശേഷമേ ഇവ കാണാതായ എ എന്‍ 32 വിമാനത്തിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് തടസ്സമാവുന്നുണ്ട്. പ്രദേശത്ത് കനത്ത കാറ്റും മഴയും തുടരുന്നതിനാല്‍ രാത്രിരക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. വ്യോമ, നാവികസേനകളുടേയും കോസ്റ്റ് ഗാര്‍ഡിന്റേതുമായി 12 വിമാനങ്ങളാണ് തെരച്ചില്‍ നടത്തിവരുന്നത്. നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയുമായി 19 കപ്പലുകളും ഒരു മുങ്ങിക്കപ്പലും കടലില്‍ വിന്യസിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തലാശ് എന്ന് പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിന് വ്യോമസേനാമേധാവി അരൂപ് രാഹ നേരിട്ടാണ് നേതൃത്വം നല്‍കുന്നത്. നേരത്തേയും ചെന്നൈ തീരത്തിന് 150 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ചില ലോഹാവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയിരുന്നെങ്കിലും ഇത് വിമാനത്തിന്റേതല്ലെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

click me!