കശ്‍മീരില്‍ ചര്‍ച്ചയാവാമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വിഘടനവാദികള്‍ തള്ളി

By Web DeskFirst Published Aug 23, 2016, 6:46 AM IST
Highlights

ജമ്മുകശ്‍മീരിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് ചര്‍ച്ചയാവാമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി ഇന്നലെ തന്നെ കണ്ട പ്രതിപക്ഷ നേതാക്കള്‍ക്കു മുമ്പാകെ വച്ചിരുന്നു. നാഷണല്‍ കോണഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ ആഹ്വാനം സ്വീകരിച്ചെങ്കിലും വിഘടനവാദികള്‍ മോദിയുടെ നിലപാട് തള്ളി. പ്രധാനമന്ത്രി പറയുന്ന ചര്‍ച്ച കൊണ്ട് പ്രശ്നം തീരില്ലെന്നും കശ്‍മീരി ജനതയ്‌ക്ക് സ്വയം നിര്‍ണ്ണയവകാശം നല്കണമെന്നും ഹുര്‍റിയത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് കശ്‍മീരിനു പുറത്തുള്ള മുസ്ലിം നേതാക്കളുടെ ഇടപെടലിന് കേന്ദ്രം നീക്കം തുടങ്ങിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്നലെ ചില പ്രമുഖ മുസ്ലിം വിഭാഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരം വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി മുന്നറിയിപ്പു നല്കി

കരസേനാ മേധാവി ഇന്ന് കശ്‍മീരിലെ പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്. ഇത് മൂന്നാം തവണയാണ് കരസേനാ മേധാവി പ്രതിഷേധം തുടങ്ങിയ ശേഷം താഴ്വരയില്‍ എത്തുന്നത്. പ്രതിഷേധക്കാരെ ഭയന്ന് തെക്കന്‍ കശ്‍മീരിലെ  32 പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാര്‍ പലായനം ചെയ്തതിനാല്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും ഇവിടെ കാവല്‍ നില്‍ക്കുകയാണ്. വിഘടനവാദി സംഘടനകള്‍ ചര്‍ച്ചയ്‌ക്കുള്ള നിര്‍ദ്ദേശം തള്ളിയെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളെയെല്ലാം ഉള്‍പ്പെടുത്തിയുള്ള യോഗം കേന്ദ്രം വിളിച്ചേക്കും.

click me!