ഹന്ദ്‍വാര പെൺകുട്ടി മൊഴി മാറ്റി: സൈനികരാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി

By Web DeskFirst Published May 17, 2016, 3:02 AM IST
Highlights

കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സൈനികർ സ്കൂൾ കഴിഞ്ഞുവരികയായിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം സൈനിക ബങ്കർ കത്തിക്കുകയും പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചാണ്. എന്നാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ പൊലീസ് ഹാജരാക്കിയ പെൺകുട്ടി തന്നെ ഉപദ്രവിച്ചത് സൈനികരല്ലെന്നും സ്കൂൾ യൂണിഫോം ധരിച്ചവരാണെന്നും മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഹിലാൽ അഹമ്മദ് ബാണ്ഡെ എന്നയാളെ അറസ്റ്റും ചെയ്തു. എന്നാൽ ഇന്ന് മാധ്യമങ്ങളെ കണ്ട പെൺകുട്ടി തന്നെ ഉപദ്രവിച്ചത് സൈനികരാണെന്ന് ആരോപിച്ചു.

കസ്റ്റഡിയിൽ വച്ച് പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും സത്യം പുറത്തുപറഞ്ഞാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതായും പെൺകുട്ടി ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ മുഖം മറച്ച പൊലീസ് ഉദ്യോഗസ്ഥർ നിരവധി പേപ്പറുകളിൽ ബലമായി തന്നെ കൊണ്ട് ഒപ്പിടീപ്പിച്ചുവെന്നും പെൺകുട്ടി പറഞ്ഞു. പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിൽ താഴ്വരയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

click me!