കാലിയായ സഞ്ചി കൊണ്ട് കച്ചവടം നടത്തുന്ന ബിസിനസുകാരനാണ് മോദി: തരൂര്‍

By Web DeskFirst Published Mar 3, 2018, 10:44 AM IST
Highlights
  • നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് ശശി തരൂര്‍
  • കാലിയായ സഞ്ചി കൊണ്ട് കച്ചവടം നടത്തുന്ന ബിസിനസുകാരനാണ് മോദിയെന്ന് തരൂര്‍ 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കൗശലക്കാരനായ കച്ചവടക്കാരനാണെന്നും എന്നാല്‍ കാലിയായ സഞ്ചികൊണ്ടാണ് കച്ചവടം ചെയ്യുന്നതെന്നുമാണ് ശശി തരൂരിന്‍റെ പരിഹാസം‍. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന ആശയങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത് തരൂര്‍ വിമര്‍ശിച്ചു.

ചരക്കു സേവന നികുതിയും (ജിഎസ്ടി) ആധാറുമെല്ലാം കോണ്‍ഗ്രസ് കൊണ്ടുവന്ന ആശയങ്ങളാണ്. എന്നാല്‍ അധികാരം മാറിയവന്നപ്പോള്‍ സര്‍ക്കാര്‍ അവ സ്വന്തമാക്കിയെന്ന് ശശി തരൂര്‍ ആരോപിക്കുന്നു. ജിഎസ്ടി നല്ലൊരു ആശയമായിരുന്നു പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ അറിയാത്ത മോദി അത് ഒരു വലിയ പരാചയമാക്കി. ബിജെപിക്ക് സ്വന്തമായി നോട്ട് നിരോധനം മാത്രമെ ഉണ്ടായിരുന്നുള്ളു. അതാണെങ്കില്‍ വന്‍ പരാജയവുമായിരുന്നുവെന്നും ശശി തരൂര്‍ വിമര്‍ശിച്ചു‍. കൊച്ചിയില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തന്‍റെ പുസ്തകമായ ‘വൈ അയാം എ ഹിന്ദു’വിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വമല്ല കോണ്‍ഗ്രസുകാരുടെ ഹിന്ദുയിസം. വളരെ യാഥാസ്ഥിതികവും ഇടുങ്ങിയതും അബദ്ധധാരണകളുള്ളതുമായ ഹിന്ദുത്വമാണ് ഇന്ന് ഇന്ത്യയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. അതിന് അടിത്തറയിട്ടത് വീരസവര്‍ക്കറും ദീന്‍ദയാല്‍ ഉപാദ്ധ്യായയെപ്പോലുള്ളവരാണ്. എന്നാല്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തെ അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. ഹിന്ദുത്വമെന്ന ആശയത്തെ ഇവര്‍ ചുരുക്കുകയാണ് ചെയ്‌തെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുത്വമെന്നത് ഒരു മതമല്ലെന്നും നമ്മുടെ സാംസ്‌കാരിക പരിസരത്തില്‍ നിന്നാണ് ഹിന്ദുത്വത്തെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഹിന്ദുവാരാണെന്ന് തിരിച്ചറിയാത്ത അവര്‍, വിവേകാന്ദനെയും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഹിന്ദുവും മുസല്‍മാനും,ക്രിസ്ത്യനും ഒന്നാണെന്ന സന്ദേശമാണ് വിവേകാനന്ദന്‍ നല്‍കിയത്. അതുപോലെതന്നെയാണ് കോണ്‍ഗ്രസിന്റെ ആശയങ്ങള്‍. മതനിരപേക്ഷമായ ഇന്ത്യയെക്കുറിതച്ചാണ് എക്കാലത്തും കോണ്‍ഗ്രസ് സംവദിക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പല കാരണങ്ങളാല്‍ ഞങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്താതെ പോയി. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മാത്രമല്ല, നിരീശ്വരവാദികളെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും മതങ്ങളെ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ മന്ത്രിയാകുമ്പോള്‍ അമ്പലത്തില്‍ പോകേണ്ടിവരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. പക്ഷെ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള പുരാവസ്തുലിഖിതങ്ങള്‍ പോലും അത് സത്യമല്ലെന്ന് തെളിയിക്കുന്നുണ്ട്. എന്നിട്ടും അവര്‍ അത് വിശ്വസിക്കുന്നതിന്റെ കാരണം ചില പാര്‍ട്ടിയജണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

click me!