യുപിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കയില്ല, പകരം ഷീലാ ദീക്ഷിത്

By Asianet newsFirst Published Jul 14, 2016, 12:13 PM IST
Highlights

ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കഗാന്ധിയില്ല. പകരം, ഷീലാ ദീക്ഷിത് ആകും കോണ്‍ഗ്രസിനെ നയിക്കുക. പ്രചാരണ സമിതിയുടെ അധ്യക്ഷനായി സഞ്ജയ് സിംഗിനെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പ്രശാന്ത് കിഷോറിന്റെ ശുപാര്‍ശ അംഗീകരിച്ചാണു കോണ്‍ഗ്രസ് തീരുമാനം.

പരാജയങ്ങളുടെ ചരിത്രമാണു ദില്ലിയുടെ അമരക്കാരിയായിരുന്ന ഷീലാ ദീക്ഷിതിന് ഉത്തര്‍പ്രദേശിലുള്ളത്. ഒരുതവണ ഒഴിച്ചാല്‍ 1989 മുതല്‍ മൂന്ന് തവണ ലോക്‌സഭയിലേക്കു പരാജയപ്പെട്ടു. അതിനു ശേഷമാണു രാഷ്ട്രീയ മേഖല ദില്ലിയിലേക്കു മാറ്റുന്നത്. ദില്ലിയില്‍ മൂന്നു തവണ മുഖ്യമന്ത്രിയായി. ഒടുവില്‍ അരവിന്ദ് കെജ്‌രിവാളിനോടു പരാജയപ്പെട്ട ശേഷം രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപനം. ഇതിനുശേഷമാണ് ഇപ്പോള്‍, 77ാം വയസില്‍, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ വലിയ ദൗത്യം അവര്‍ ഏറ്റെടുക്കുന്നത്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നാണു പുതിയ ചുമതലയെ കുറിച്ച് ഷീലാ ദീക്ഷിത് പ്രതികരിച്ചത്.

അടുത്ത വര്‍ഷം ആദ്യമാണു യുപിയിലെ തെരഞ്ഞെടുപ്പ്. വലിയ നേട്ടമൊന്നും അവിടെ നിന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഉമാ ഷങ്കര്‍ ദീക്ഷിദിന്റെ മരുമകള്‍ കൂടിയായ ഷീലാ ദീക്ഷിതിനെ ഉയര്‍ത്തിക്കാട്ടി ബ്രാഹ്മിണ്‍ വോട്ടുകള്‍ ഉറപ്പിക്കുകയാണു ലക്ഷ്യം. യുപിയില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ തയ്യാറാക്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം അംഗീകരിച്ചാണു ഷീലാ ദീക്ഷിദിനെ തീരുമാനിച്ചതെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചരണ ചുമതല സഞ്ജയ് സിംഗിനും നല്‍കി. കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നു പ്രവര്‍ത്തകസമിതി അംഗം ഗുലാംനബി ആസാദ് പ്രതികരിച്ചു. അതേസമയം പ്രിയങ്ക ഗാന്ധിയെ ദേശീയ ഭാരവാഹിയാക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

 

 

click me!