ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

By Web DeskFirst Published Nov 17, 2017, 11:57 AM IST
Highlights

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ അറസ്റ്റില്‍. കൊച്ചുകുട്ടിയായ ഷെറിനെ അപകടകരമായ അവസ്ഥയില്‍ തനിച്ചാക്കി വീടിന് പുറത്തുപോയത് കുട്ടിയെ അപായപ്പെടുത്തുന്നതിന് തുല്യമാണെന്ന കുറ്റം ചുമത്തിയാണ് മലയാളിയായ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അഭിഭാഷകനൊപ്പം ഷിനി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് രക്ഷര ലക്ഷം രൂപ ജാമ്യം നിശ്ചയിച്ചു. സിനി ഇപ്പോള്‍ റിച്ചാര്‍ഡ്‌സണ്‍ ജയിലിലാണ്. 

കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയത് മരണത്തിന് ഇടയാക്കി എന്നാണ് നിരീക്ഷണം. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റമാണ് സിനിയില്‍ ചുമത്തിയിട്ടുള്ളത്. അമേരിക്കയിലെ ടെക്‌സസില്‍ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. ദമ്പതികളുടെ സ്വന്തം മകളായ നാല് വയസ്സുകാരി അന്ന് മുതല്‍ പൊലീസ് സംരക്ഷണത്തിലാണ്. അവളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിനി മാത്യൂസ് മൂന്ന് ദിവസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സിനിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

ഒക്ടോബര്‍ ഏഴിനാണ് ടെക്സാസിലെ വീട്ടില്‍ നിന്നും ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ അര്‍ദ്ധരാത്രില്‍ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമായിരുന്നുവെന്നാണ് വളര്‍ത്തച്ഛന്‍ വെസ്‌ലി പൊലീസിന് നല്‍കിയ ആദ്യ മൊഴി. രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം മൃതദേഹം വീടിന് സമീപത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴി മാറ്റി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ നാലുവയസുള്ള സ്വന്തം മകളും ഷെറിനെ വീട്ടില്‍ തനിച്ചാക്കി പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്സല്‍ വാങ്ങിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോണ്‍ ഹോട്ടല്‍ പരിസരത്ത് ഉണ്ടായിരുന്നതായി ഫോണ്‍ രേഖകളില്‍ നിന്നും വ്യക്തമായി. ഒന്നരമണിക്കൂറോളം ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു. മാതാപിതാക്കള്‍ തിരികെയെത്തുമ്പോഴും അവള്‍ അടുക്കളയില്‍ത്തന്നെയുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. എന്നാല്‍, കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണു സിനി പൊലീസിന് മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞിരുന്നു. അതേസമയം, ഷെറിന്റെ മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. 

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നെന്ന നിഗമനത്തിലാണു പൊലീസ്. രണ്ടു വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

click me!