ജനരോഷം ഏറ്റുവാങ്ങി നവാസ് ശരീഫ്; പൊതുപരിപാടിക്കിടെ രണ്ട് പേര്‍ ചെരിപ്പെറിഞ്ഞു

By Web DeskFirst Published Mar 11, 2018, 5:23 PM IST
Highlights

വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ശനിയാഴ്ച സിയാല്‍കോട്ടില്‍ ഒരു തൊഴിലാളി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ഒരാള്‍ മഷി കുടഞ്ഞിരുന്നു.  അതേദിവസം തന്നെ ആഭ്യന്തര മന്ത്രി അഹ്‍സന്‍ ഇഖ്‍ബാലിനും തന്റെ മണ്ഡലത്തില്‍ വെച്ച് ജനരോഷം ഏറ്റുവാങ്ങേണ്ടി വന്നു.

ലാഹോര്‍: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാകിസ്ഥാനില്‍ ഭരണകക്ഷി നേതാക്കള്‍ക്ക് നേരെ ജനരോഷം. ഞായറാഴ്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് നേരെ രണ്ട് പേര്‍ ചെരിപ്പെറിഞ്ഞു. 

വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ശനിയാഴ്ച സിയാല്‍കോട്ടില്‍ ഒരു തൊഴിലാളി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ഒരാള്‍ മഷി കുടഞ്ഞിരുന്നു.  അതേദിവസം തന്നെ ആഭ്യന്തര മന്ത്രി അഹ്‍സന്‍ ഇഖ്‍ബാലിനും തന്റെ മണ്ഡലത്തില്‍ വെച്ച് ജനരോഷം ഏറ്റുവാങ്ങേണ്ടി വന്നു. ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് - നവാസ് (പിഎംഎല്‍-എന്‍) നേതാക്കള്‍ക്ക് നേരെയാണ് ആക്രമണങ്ങളെല്ലാം നടക്കുന്നത്.

ജാമിഅ നഈമിയ  മദ്രസയ്ക്ക് സമീപം സംഘടിപ്പിക്കപ്പെട്ട ഒരു പൊതുപരിപാടിയില്‍ സംസാരിക്കാനായി വേദിയിലേക്ക് എത്തിയപ്പോഴായിരുന്നു മുന്‍ നിരയിലിരുന്ന ഒരാള്‍ നവാസ് ശരീഫിന് നേരെ ഷൂ എറിഞ്ഞത്. ഏറ് നവാസിന്റെ നെഞ്ചത്ത് തന്നെ കൊണ്ടു. പിന്നീട് ഇയാള്‍ പഞ്ചാബ് ഗവര്‍ണ്ണറായിരുന്ന സല്‍മാന്‍ തസീറിന്റെ ഘാതകനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ചു. ഇതിന് ശേഷം മറ്റൊരാളും ഷൂ എറിഞ്ഞെങ്കിലും ഇത് നവാസിന് പിന്നില്‍ നിന്നയാളുടെ ശരീരത്തിലാണ് പതിച്ചത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് കടുത്ത പരീക്ഷണമായിരിക്കുമെന്നതിന്റെ തെളിവ് കൂടിയായാണ് ഈ സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

click me!