സിദ്ധരാമയ്യക്കുവേണ്ടി ആംബുലന്‍സ് തടഞ്ഞു; ആശുപത്രിയിലെത്താന്‍ ഗര്‍ഭിണി നടന്നത് അരകീലോമീറ്ററിലധികം

Published : Nov 22, 2017, 08:20 AM ISTUpdated : Oct 05, 2018, 01:21 AM IST
സിദ്ധരാമയ്യക്കുവേണ്ടി ആംബുലന്‍സ് തടഞ്ഞു; ആശുപത്രിയിലെത്താന്‍ ഗര്‍ഭിണി നടന്നത് അരകീലോമീറ്ററിലധികം

Synopsis

ബെംഗളൂരൂ: 'തന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനു വേണ്ടി ആംബുലന്‍സുകള്‍ തടയരുതെന്ന്' ഉത്തരവിട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്കുവേണ്ടി വീണ്ടും ആംബുലന്‍സ് തടഞ്ഞത് വിവാദമാകുന്നു. ആംബുലന്‍സിനെ കടത്തിവിടാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണി നടന്ന് ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സുരക്ഷാ നടപടിയെ തുടര്‍ന്ന് അരകിലോമീറ്ററിലധികം ദൂരമുള്ള ആശുപത്രിയിലേക്ക് നടന്നു പോകാന്‍ സ്ത്രീ നിര്‍ബദ്ധിതയാവുകയായിരുന്നു. മാണ്ഡ്യയില്‍ ബി.എം. റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. 

നാഗമംഗളയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ സിദ്ധരാമയ്യ എത്തുന്നതിനാല്‍ പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തെ ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയുമായി ആംബുലന്‍സ് എത്തിയപ്പോള്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ടതിനാല്‍ റോഡ് തുറക്കണമെന്നും ആംബുലന്‍സ് നാട്ടുകാരും വാഹനങ്ങളിലുള്ളവരും പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പകരം സ്ത്രീയോട് നടന്ന് ആസ്പത്രിയിലെത്താനാണ് പൊലീസ് നിര്‍ദേശിച്ചത്. ഇതോടെ മറ്റുവഴിയില്ലാത്തതിനാല്‍ ബന്ധുക്കളായ രണ്ടുപേരുടെ സഹായത്തോടെ 300 മീറ്റര്‍ ദൂരം നടന്ന് ആസ്പത്രിയിലേക്ക് പോവുകയായിരുന്നു. റോഡിന് സമീപം പൊലീസ് ജീപ്പ് ഉണ്ടായിരുന്നെങ്കിലും അതിലും സ്ത്രീയെ ആസ്പത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. 

 

 

സംഭവം വിവാദമായത്തോടെ, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാണ്ഡ്യ എസ്.പി. ജി. രാധിക അറിയിച്ചു. എന്നാല്‍, പൊലീസുകാര്‍ ഉള്‍പ്പെട്ടതായി വിവരമില്ലെന്നും ഏതാനും ഹോംഗാര്‍ഡുമാരാണ് ആംബുലന്‍സ് തടഞ്ഞതെന്നും അവര്‍ പറഞ്ഞു. സ്ത്രീ നടന്നുപോവുന്നതിന്റെ ദൃശ്യങ്ങളില്‍ റോഡില്‍ പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നതും പൊലീസുകാര്‍ സമീപം നില്‍ക്കുന്നതും വ്യക്തമാണ്. 

ഇതിനു മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്, തന്റെ വാഹന വ്യൂഹത്തിന് കടന്ന് പോകാന്‍ ആംബുലന്‍സ് തടയരുതെന്ന് സിദ്ധരാമയ്യ ഉത്തരവിറക്കിയിരുന്നു. നേതാക്കളുടെ വിഐപി സംസ്‌കാരത്തിനെതിരെ കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് വീണ്ടും കര്‍ണാടക മുഖ്യമന്ത്രി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. 2015 ഓഗസ്റ്റ്, 2016 ജൂണ്‍, 2017 മേയ് തുടങ്ങിയ മാസങ്ങളിലും ഇതുപോലെ സിദ്ധരാമയ്യക്കുവേണ്ടി ആംബുലന്‍സ് തടഞ്ഞത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും