
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ അന്വേഷത്തില്‍ പൊലീസിനെതിരേ സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷത്തില്‍ പൊലീസിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് സൈമണ്‍ ബ്രിട്ടോ വിമര്‍ശിച്ചു. അന്വേഷണ നടപടികള്‍ ഇഴയുകയാണ്. അഭിമന്യു കൊല്ലപ്പെട്ടിട്ട് 12 ദിവസം കഴിഞ്ഞു, എന്തുകൊണ്ട് പ്രതികളെ പിടിക്കുന്നില്ല. അന്വേഷണസംഘത്തിന് എസ്ഡിപിഐയെ ഭയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയുമായിരുന്നെന്നും സൈമണ്‍ ബ്രിട്ടോ ആരോപിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം പ്രതികരിക്കുന്നു. ഈ പൊലീസ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും സൈമണ്‍ ബ്രിട്ടോ വിമര്‍ശിച്ചു.
പൊലീസ് അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച സിപിഎമ്മിനെയും ഇടതു പക്ഷ സര്‍ക്കാരിനെയും കുറ്റപ്പടുത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിച്ചു. അഭ്യന്തര വകുപ്പിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കു, പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു. അഭിമന്യു വധക്കേസില്‍ സിപിഎം ഒത്തുകളിയാണെന്ന ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിന് പിറകെയാണ് പൊലീസ് വീഴ്ച ആരോപിച്ച് സൈമണ്‍ ബ്രിട്ടോയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam