ഖത്തറില്‍ മരണപ്പെടുന്ന വിദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇനി ഏകജാലക സംവിധാനം

By Web DeskFirst Published May 16, 2016, 12:49 AM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ രേഖകളും നടപടി ക്രമങ്ങളും ഒരു സ്ഥലത്ത് തന്നെ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുകയാണ് പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നത്. ഇതിനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എച്ച്ആര്‍ വകുപ്പിന് പിറകിലായി ആരംഭിച്ച പുതിയ കാര്യാലയം ഇന്നു രാവിലെ പൊതു സുരക്ഷാ വിഭാഗം ഡയരക്ട്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹുമാനിറ്റെറിയന്‍ സര്‍വീസ് ഓഫീസ് എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അധികൃതര്‍ വിശദീകരിച്ചു.

നിലവില്‍ ആഭ്യന്തര വകുപ്പില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ശേഷം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ആരോഗ്യ ഉന്നതാധികാര സമിതി, പൊതുജനാരോഗ്യ മന്ത്രാലയം, എംബസി എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകള്‍ കൂടി ശരിയാക്കിയാല്‍ മാത്രമെ മൃതദേഹം നാട്ടിലേക്കയക്കാന്‍ കഴിയൂ. ഇടക്ക് അവധി ദിവസങ്ങള്‍ വരുന്നതും നടപടി ക്രമങ്ങളില്‍ വരുന്ന കാലതാമസവും കാരണം പലപ്പോഴും ദിവസങ്ങള്‍ കഴിഞ്ഞാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത്. പുതിയ കാര്യാലയം പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ എല്ലാ നടപടി ക്രമങ്ങളും ഒരിടത്ത് തന്നെ പൂര്‍ത്തിയാക്കി മൃതദേഹം മണിക്കൂറുകള്‍ക്കകം നാട്ടിലേക്കയക്കാന്‍ കഴിയും. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ  ഖത്തര്‍ എയര്‍വെയ്സുമായിചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന് സര്‍വീസില്ലാത്ത കേന്ദ്രങ്ങളില്‍ മറ്റ് എയര്‍ലൈന്‍സുകള്‍ വഴി മൃതദേഹം നാട്ടിലെക്കയക്കാനുള്ള  സൗകര്യവും ഖത്തര്‍ എയര്‍വേയ്സ് ഒരുക്കും. വിവിധ സേവനങ്ങള്‍ക്ക് ഈടാക്കിവരുന്ന ഫീസുകളും ഇളവു ചെയ്തതായി അധികൃതര്‍ അറിയിച്ചു.  പരേതനായ ഹാജിക്ക ഉള്‍പ്പെടെ മൃതദേഹം നാട്ടിലയക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ദീര്‍ഘ കാലത്തെ ആവശ്യം കൂടിയാണ് ഇതോടെ യാഥാര്‍ത്യമാകുന്നത്.

click me!