
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വർഷം തികയുകയാണ്. കേസിൽ ഒരു വൈദികനും ഒരു കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം സിബിഐ കോടതി വിചാരണനടപടികൾക്ക് ഉത്തരവിട്ടതിന് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇത്തവണ അഭയയുടെ ഓർമ്മദിനം വരുന്നത്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ആദ്യത്തെ അന്വേഷണ ഉദ്യോസ്ഥന്‍റെ ആത്മഹത്യ, രണ്ട് വൈദികരുടേയും ഒരു കന്യാസ്ത്രീയുടേയും അറസ്റ്റ്. സിബിഐ ഉദ്യോഗസ്ഥന്റെ രാജി. ഹൈക്കോടതി ജഡ‍്ജിമാർ തമ്മിലുള്ള തർക്കം.അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിയാക്കണമെന്ന സിബിഐയുടെ അപേക്ഷ. ഇങ്ങനെ അത്യന്തം നാടകീയമായിരുന്നു കഴിഞ്ഞ 26 വർഷങ്ങൾ.
അഭയയുടേത് ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളണമെന്ന ആക്ഷൻ കൗൺസിലന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിടാൻ കോടതി നിർദ്ദേശിച്ചത്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഡിവൈഎസ്പി വർഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തള്ളി. എന്നാൽ 94 ജനുവരി 19 ന് ഏവരെയും ഞെട്ടിച്ച് വർഗീസ് പി തോമസ് രാജിവച്ചു അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട് നൽകാൻ എസ്പി ആവശ്യപ്പെട്ടുവെന്ന് വർഗീസ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
തെളിവുകളെല്ലാം ക്രൈംബ്രാഞ്ച് നശിപ്പിച്ചുവെന്ന അദ്ദേഹത്തിന്റ വെളിപ്പെടുത്തലാണ് ക്രൈംബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിളിനെതിരായ തെളിവുകളിലൊന്നായി സിബിഐ ഇപ്പോൾ മുന്നോട്ട് വച്ചത്. പുതിയ സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും കേസ് ഏഴുതിത്തള്ളണമെന്ന് സിബിഐ മൂന്ന് പ്രാവശ്യം കോടതിയോട് ആവശ്യപ്പെട്ടു ഇത് കോടതി അംഗീകരിച്ചില്ല. 2008 നവംബർ 18ന് ഫാദര്‍ തോമസ് എം കോട്ടൂരിനെയും ജോസ് പുത്രിക്കയിലിനെയും തൊട്ടടുത്ത ദിവസം സി സെഫിയെയും അറസ്റ്റ് ചെയ്തു.
സിബിഐ ഇവരെ നുണപരിശോധനക്ക് വിധേയരാക്കി. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തുമ്പോഴാണ് ജസ്റ്റിസ് ഹേമയും ജസ്റ്റിസ് ബസന്തും തമ്മിൽ
തർക്കമുണ്ടാകുന്നത്. ഇപ്പോൾ ഫാ. ജോസ് പുത്രിക്കലിനെ ഒഴിവാക്കി രണ്ട് പേർക്കെതിരെ വിചാരണ തുടരാനുള്ള ഉത്തരവ് കേസിലെ പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. നാടകീയതകള്‍ അവസാനിക്കാത്ത കേസില്‍ ഇനി വിചാരണ എത്രനാൾ നീണ്ട് പോകുമെന്നാണ് മനുഷ്യാവകാശപ്രവർത്തകരുടെ ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam