ബിജെപിയുമായുള്ള ബന്ധം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ആദിത്യ താക്കറെ

By Web DeskFirst Published Dec 15, 2017, 10:00 AM IST
Highlights

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ശിവസേനയുടെ യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെ. ഇത് ആദ്യമായല്ല ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ശിവസേന മുന്നറിയിപ്പ് നല്‍കുന്നത്. ബിജെപിയുടെ നോട്ട് നിരോധന നടപടിയിലും ശിവസേന ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് അനുകൂലമെന്ന എക്സിറ്റ് പോളിന്റെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ മുന്നറിയിപ്പ്. അഹമ്മദ്‍നഗറില്‍ ഒരു റാലിക്കിടെയാണ് ആദിത്യ താക്കറെ മുന്നറിയിപ്പ് നല്‍കിയത്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കൊള്ളാനും ആദിത്യ താക്കറെ പറഞ്ഞു. ഇരുപത്തി അഞ്ച് വര്‍ഷം ബിജെപിയുമായി സഖ്യമുണ്ടാക്കി പാഴാക്കി കളഞ്ഞെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ മാസം ശരദ് പവ്വാറുമായുള്ള ഉദ്ദവ് താക്കറെയുടെ കൂടിക്കാഴ്ച ശിവസേന എതിര്‍പക്ഷത്തേയ്ക്ക് ചേക്കേറുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. സഖ്യത്തെക്കുറിച്ച് ഇരട്ടത്താപ്പ് പാടില്ലെന്നും നിലപാട് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആവശ്യപ്പെട്ടിരുന്നു. 
 

click me!