
മൂന്നാര്‍: മൂന്നാറിലെ കടലാര്‍ എസ്റ്റേറ്റില്‍ നിന്നും കാണാതായ ആറ് വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലുള്ള തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴുത്തില്‍ ടവല്‍ കൊണ്ട് മുറുക്കിയതിന്റെ പാടുകളും ശരീരത്തില്‍ മുറിവേറ്റതിന്റെ അടയാളങ്ങളുമുണ്ട്. സംശയത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവും കുട്ടിയുടെ അകന്ന ബന്ധുവായ ഒരു സ്ത്രീയുമടക്കം പതിനാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ഇത് കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നുമാണ് പോലീസ് പറയുന്നത്. ആസാം സ്വദേശികളായ നൂര്‍മുഹമ്മദ് - രസിതനിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീന്‍ (6) നെ കഴിഞ്ഞ 31 നാണ് കാണാതായത്. വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു. മതാപിതാക്കളും പോലീസും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എസ്റ്റേറ്റിലെ കാലികള്‍ക്ക് പുല്ലുവെട്ടാന്‍ ചെന്ന തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യറാക്കി മ്യതദേഹം പോസ്റ്റുമോട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഷര്‍ട്ടിന്റെ കോളറില്‍ ടവല്‍ ചുറ്റിയ നിലയില്‍ മൃതദേഹം കമഴ്‌നാണ് കിടന്നിരുന്നത്. വീട്ടിലുള്ളപ്പോള്‍ ധരിച്ചിരുന്ന നിക്കറും ബനിയനും അതിനുമുകളില്‍ ഷര്‍ട്ടുമായിരുന്നു വേഷം. സ്ഥിരമായി കഴുത്തില്‍ തൂവാല കെട്ടുന്ന സ്വഭാവം കുട്ടിയ്ക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam