
ന്യൂഡല്‍ഹി: സോളാർ അന്വേഷണ റിപ്പോർട്ട് പാർട്ടിക്ക് ധാർമ്മികമായി തിരിച്ചടിയാണെന്നും ശക്തമായ തിരുത്തൽ നടപടി വേണമെന്നും ചില സംസ്ഥാന നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതാണെന്ന് എ വിഭാഗം രാഹുൽ ഗാന്ധിയെ അറിയിച്ചു.
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്നലെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഎം സുധീരൻ, വിഡി സതീശൻ എന്നീ നേതാക്കളെ വിളിച്ചു വരുത്തി ഇന്നലെ രാഹുൽ ഗാന്ധി കണ്ടിരുന്നു. സോളാർ അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ ആശങ്ക അറിയിച്ച രാഹുൽ ഗാന്ധി ദേശീയതലത്തിൽ ചർച്ച തുടരും എന്നു മാത്രം പറഞ്ഞാണ് നേതാക്കളെ മടത്തിയത്. എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി കേസ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞെങ്കിലും രാഹുലോ കേരളത്തിൻറെ ചുമതലയുള്ള മുകുൾ വാസിനിക്കോ പ്രതികരിച്ചില്ല.. സോളാർ റിപ്പോർട്ട് ധാർമ്മിക തിരിച്ചടിയായെന്നും ആരോപണവിധേയരെ പാർട്ടി പദവികളിൽ നിന്ന് എല്ലാം മാറ്റിനിറുത്തുന്ന പോലുള്ള തിരുത്തൽ നടപടികൾ വേണമെന്നും ചില നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു എന്നാണ് സൂചന.
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ എ ഗ്രൂപ്പ് നേതാക്കളുടെ ടെലിഫോൺ സംഭാഷണങ്ങളും ഹൈക്കമാൻഡിന് മുന്നിലുണ്ട്. ആലോചനയുടെ ഭാഗമായി എകെ ആൻറണിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കാര്യങ്ങൾ അറിയാവുന്ന ഒന്നു രണ്ടു നേതാക്കളെ കൂടി രാഹുൽ കാണും. ഇതിനിടെ കേരളം നല്കിയ കെപിസിസി പട്ടികയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി മാറ്റം വരുത്തി. പരാതി ഉയർന്ന സാഹചര്യത്തിൽ മാറ്റത്തിനുള്ള നിർദ്ദേശത്തോടെ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam