
ശ്രീനഗര്‍: ജമ്മുകശ്മീർ അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതിനിടെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടു.
കൃഷ്ണഘാട്ടി, മെന്താർ മേഖലകളിൽ വെടിനിർത്തൽ കരാർലംഘിച്ച പാകിസ്ഥാൻ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഷെല്ലാക്രമണം നടത്തിയതോടെയാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി പാക് ഷെല്ലാക്രമണം തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഇന്ത്യ മറുപടി നല്കിയത്. ഇന്ത്യയുടെ ആക്രമണത്തിൽ മൂന്ന് പാക് സൈനിക പോസ്റ്റുകൾ തകർന്നു. അഞ്ച് പാക് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു പാക് സൈനികന് ഗുരുതര പരിക്കേറ്റു.
തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരവും ഉണ്ട്. സൈന്യം അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 5 വരെ പാകിസ്ഥാൻ 351 തവണ വെടി നിർത്തൽ കരാർ ലംഘിച്ചതായാണ് സൈന്യത്തിൻറെ കണക്ക്.ഇന്ന് രാവിലെ പുൽവാമയിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാസേനാംഗങ്ങളും ഒരു ഭീകരനും കൊല്ലപ്പെട്ടു.
അതിനിടെ ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്‍റെ മന്ത്രിതലയോഗത്തിൽ വിദേശകാര്യമന്ത്രി സുഷമസ്വരാജ് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചു.. ഇന്ത്യയുടെ ഭീകരതക്കെതിരായ പോരാട്ടം ഭീകരരെ വളർത്തുകയും സംരക്ഷിക്കുകയും സാമ്പത്തികപിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടിയെടുക്കുക കൂടിയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam