സൈനികര്‍ക്ക് തന്നെ നേരിട്ട് പരാതി അറിയിക്കാമെന്ന് കരസേനാ മേധാവി

By Web DeskFirst Published Jan 13, 2017, 12:13 PM IST
Highlights

ദില്ലി: കരസേനാ ജവാൻമാരുടെ പരാതികൾ പരിഹരിക്കാൻ കരസേനാ മേധാവി തലത്തിൽ പ്രത്യേക സംവിധാനത്തിന് തീരുമാനമായി. സൈന്യത്തിനുള്ളിൽ ആശയവിനിമയത്തിൽ തകരാറുണ്ടോ എന്ന് പരിശോധിക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. സൈനികര്‍ക്ക് പരാതിയുണ്ടെങ്കില്‍ തന്നെ നേരിട്ട് എഴുതി അറിയിക്കാമെന്നും ഇതിന് പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. പരാതി അറിയിക്കുന്ന സൈനികരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെയ്ക്കുമെന്നും കരസേനാ മേധാവി പറഞ്ഞു. കരസേനയിൽ സഹായികളായി ജോലി ചെയ്യുന്നവരെ ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന് ലാൻസ് നായിക് യഞ്ജപ്രതാപ് സിംഗ് എന്ന ജവാൻ ഇന്നലെ നവമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു.

സൈനികർക്ക് ചെയ്യാനാവാത്ത ജോലികളുണ്ടെങ്കിൽ അത് തുറന്നു പറായാമെന്നും ഇതിന് ഇപ്പോൾ തന്നെ സംവിധാനമുണ്ടെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനു പുറമെ പരാതി എഴുതുന്നവരുടെ രഹസ്യമായി സൂക്ഷിച്ച് ഇവ കരസേനാ മേധാവി നേരിട്ട് പരിഹരിക്കാനുള്ള സംവിധാനം വരുമെന്നും നവമാധ്യമങ്ങളിലൂടെയുള്ള നീക്കം ഒഴിവാക്കണമെന്നും ജനറൽ ബിപിൻ റാവത്ത് ആവശ്യപ്പെട്ടു.

ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാൽ പാകിസ്ഥാനിൽ ഇനിയും മിന്നലാക്രമണം നടത്തുമെന്നും യുദ്ധം ആവശ്യമാണോ എന്ന് ഉന്നതതലത്തിലാണ് തീരുമാനിക്കേണ്ടതെന്നും കരസേനാ മേധാവി അറിയിച്ചു. കരസേനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനൻറ് ജനറൽ പ്രവീൺ ബക്ഷി എന്തെങ്കിലും പരാതി അറിയിച്ചാൽ അതന്വേഷിക്കുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. കരസേനാ മേധാവി സ്ഥാനത്തേക്ക് പ്രവീൺ ബക്ഷിയെ മറികടന്നാണ് ജനറൽ ബിപിൻ റാവത്ത് കരസേനാ മേധാവിയായത്.
 

click me!