
വാരാണസി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് സോണിയാ ഗാന്ധി നടത്തിയ റോഡ് ഷോ വെട്ടിച്ചുരുക്കി.കടുത്ത പനിയെ തുടര്‍ന്നാണ് വാരാണസിയിലെ റോഡ് ഷോ പാതിവഴിയില്‍ സോണിയാ ഉപേക്ഷിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിലും സോണിയ ഗാന്ധി ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുമാണ് ഉത്തര്‍പ്രദേശ് പിടിക്കാനുള്ള ശ്രമത്തിന് സോണിയാ ഗാന്ധി തുടക്കമിട്ടത്.അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു റോഡ് ഷോയുടെ തുടക്കം.വാരാണസിയില്‍ നടന്ന റോഡ്‌ഷോയില്‍ പതിനായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയയെ അനുഗമിച്ചു.
പൊതു വേദിയിലെ പ്രസംഗം ഉപേക്ഷിച്ച് തന്റെ വാഹനത്തില്‍ നിന്ന് കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ടായിരുന്നു സോണിയയുടെ റോഡ് ഷോ.എന്നാല്‍ റോഡ് ഷോ പകുതി ദൂരം പിന്നിട്ടപ്പോള്‍ സോണിയാഗാന്ധിക്ക് ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ഉണ്ടാക്കിയ വിഷമതകളും കടുത്ത ചൂടും സോണിയ ഗാന്ധിയെ തളര്‍ത്തി. പനിയും ജലദോഷവും ഉണ്ടായിട്ടും വാരാണസി റാലിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു സോണിയയുടെ തീരുമാനം.എന്നാല്‍ ഡോക്ടര്‍മാരുടെയും പാര്‍ട്ടി നേതാക്കളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സോണിയ റോഡ്‌ഷോ വെട്ടിച്ചുരുക്കുകയായിരുന്നു.
2014ല്‍ മോദിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വാരാണസിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് എത്താതിരുന്ന സോണിയാഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാശിയില്‍ തുടക്കമിട്ടത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ്.ഉത്തര്‍പ്രദേശില്‍ ഷീലാ ദീക്ഷിതിനെ മുന്നില്‍ നീര്‍ത്തി പാര്‍ട്ടിയില്‍ നിന്നും അകന്ന മുന്നോക്ക വോട്ട് ബാങ്കിനെ തിരിച്ചെത്തിക്കാനുള്ള ശ്രമമമാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്.ബ്രാഹ്മണ മുന്നോക്ക വോട്ടുകളും ന്യൂനപക്ഷ ദളിത് വോട്ടുകളും നിര്‍ണ്ണായകമായ വാരാണസിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയാഗാന്ധി പ്രചരണത്തിന് എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam