Latest Videos

സൗമ്യ വധക്കേസ്; പുനഃപരിശോധന ഹര്‍ജിയിലെ നിലപാട് മാറ്റം ഗുണം ചെയ്യില്ലെന്ന് വിദഗ്ദര്‍

By Web DeskFirst Published Sep 24, 2016, 7:05 PM IST
Highlights

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കിയുടെ ഉപദേശം അനുസരിച്ചാണ് സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. കേസിലെ നാലാമത്തെയും നാല്പതാമത്തെയും സാക്ഷിമൊഴികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൗമ്യയെ ഗോവിന്ദസ്വാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന വാദം വിചാരണ കോടതിയിലും ഹൈക്കോടതിയിലും പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. എന്നാല്‍ സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും സൗമ്യ സ്വയം ചാടിയതാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി സംശയത്തിന്റെ ആനുകൂല്യത്തിലായിരുന്നു സുപ്രീംകോടതി ഗോവിന്ദസ്വാമിയെ കൊലകുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ഈ പശ്ചാതലത്തിലാണ് സാക്ഷിമൊഴികള്‍ അവഗണിക്കണമെന്ന പുതിയ നിലപാട് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയില്‍ സ്വീകരിച്ചിരിക്കുന്നത്.  രണ്ട് കോടതികളില്‍ സ്വീകരിച്ച നിലപാട് പുനഃപരിശോധന ഹര്‍ജിക്കായി തിരുത്തുമ്പോള്‍ നിയപരമായി അതിന് എത്രത്തോളം സ്വീകാര്യത കിട്ടും എന്ന സംശയമാണ് ഇപ്പോള്‍ നിയമവിദഗ്ധര്‍ ഉയര്‍ത്തുന്നത്. 

സൗമ്യയെ ഗോവിന്ദസ്വാമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു എന്ന മുന്‍വാദത്തില്‍ നിന്ന് മാറി സൗമ്യ, സ്വയം ചാടിയതാകാമെന്ന തിരുത്തലും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നു. വിധിയിലെ പിഴവ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഈ വാദങ്ങള്‍ നിരത്തുന്നത്. സൗമ്യയില്‍ ഗോവിന്ദസ്വാമി ഉണ്ടാക്കിയ മുറിവുകളും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ കണ്ടെത്തലകളും പരിഗണിച്ചതിലെ പിഴവുകള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതായിരുന്നു എന്ന വിലയിരുത്തലാണ് ചില മുതിര്‍ന്ന അഭിഭാഷകര്‍ നടത്തുന്നത്. കീഴ്കോടതികളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാതെ അത് മാറ്റിയത് ഗുണം ചെയ്യില്ല എന്നും വിലയിരുത്തപ്പെടുന്നു. സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് യുയുലളിത്, ജസ്റ്റിസ് പി.സി.പന്ഥ് എന്നിവരുടെ ചേംബറിലായിരിക്കും പരിഗണിക്കുക.

click me!