ദക്ഷിണാഫ്രിക്കയിലെ നഗരസഭാ തെരഞ്ഞെടുപ്പ്; ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

By Web DeskFirst Published Aug 5, 2016, 7:35 PM IST
Highlights

ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ തന്ത്രപ്രധാനമായ നെല്‍സണ്‍ മണ്ടേല ബേ അടക്കമുള്ള നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. വര്‍ണ്ണവിവേചനം അവസാനിപ്പിച്ചശേഷം ഇതാദ്യമായാണ് ശക്തികേന്ദ്രങ്ങളില്‍ എഎന്‍സിക്ക് പരാജയം  നേരിടേണ്ടിവരുന്നത്.

22 വര്‍ഷം നീണ്ട ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് ജനഹിതത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്ന കാഴ്ചയാണ്  നഗരസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കാണുന്നത്. പ്രതിപക്ഷപാര്‍ട്ടിയായ ഡെമോക്രാറ്റിക് അലയന്‍സുയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ജനം ശരിവച്ചെന്നതിന്റെ വിധിയെഴുത്തായി മാറി ഭരണപക്ഷത്തിന്റെ ഉരുക്കുകോട്ടയായ നെല്‍സണ്‍ മണ്ടേല ബേയിലെ എഎന്‍സിയുടെ കനത്ത തോല്‍വി.

വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടങ്ങളുടെ മുഖമായിരുന്ന ഇവിടെ, കറുത്തവംശജരുടെ ഭൂരിഭാഗം വോട്ടുകളും നേടിയാണ് വെള്ളക്കാരനായ ആതോള്‍ ട്രോലിപ് മേയറായത്. ജോഹനാസ് ബര്‍ഗിലും പ്രിട്ടോറിയയിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. രണ്ടുപതിറ്റാണ്ടായി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ആകെ പോള്‍ ചെയ്യുന്നതിന്റെ 60 ശതമാനം വോട്ടുകളും നേടിയിരുന്നത് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസാണ്. എന്നാല്‍, രാജ്യത്ത് വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും, പ്രസിഡന്റ് ജേക്കബ് സുമക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും എഎന്‍സിക്ക് തിരിച്ചടിയായെന്ന് വ്യക്തമാക്കുന്നു ഈ തെരഞ്ഞെടുപ്പ് ഫലം.

വിജയിക്കാനായ നഗരസഭകളിലും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് വോട്ടുവിഹിതം കുറഞ്ഞു. 1994ല്‍ ജനാധിപത്യ വഴിയിലേക്കെത്തിയ ദക്ഷിണാഫ്രിക്കയില്‍ അന്നുമുതല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് പിന്നില്‍ ശക്തികേന്ദ്രമായി ഉറച്ചുനിന്ന കറുത്ത വംശജര്‍ ഗതിമാറി ചിന്തിക്കുന്നുവെന്നതിന്റെ പ്രതിഫലനമായി മാറുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. മേല്‍ക്കൈ നിലനിര്‍ത്താനായെങ്കിലും, ശക്തികേന്ദ്രങ്ങളിലെ വിള്ളല്‍ പാര്‍ട്ടിയിലും പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

 

click me!