എറണാകുളത്ത് 120 കിലോ കഞ്ചാവ് പിടികൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും

By Web DeskFirst Published Oct 20, 2017, 3:18 PM IST
Highlights

കൊച്ചി: എറണാകുളത്ത് 120 കിലോ കഞ്ചാവ് പിടികൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവ് കേരളത്തിന്റെ വിവിധ ജില്ലകളിലേക്കുള്ളതാണെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. അറസ്റ്റാലായ മൂന്ന് പ്രതികളെ  കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.  
കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു കഴിഞ്ഞ ദിവസം പെരുന്പാവൂരില്‍ നടന്നത്. 

വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയത് 120 കിലോ കഞ്ചാവ്. ആന്ധ്രയില്‍ നിന്ന് കിലോയ്ക്ക് 3,000 രൂപ നല്‍കിയാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ കിലോയ്ക്ക് 20,000 രൂപയ്ക്ക് സംസ്ഥാനത്ത് വില്‍ക്കാനായിരുന്നു പദ്ധതി. ഇടുക്കിയില്‍ നിന്നുള്ള കഞ്ചാവിന് കൂടുതല്‍ ഡിമാന്‍ഡുള്ളതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇടുക്കിയില്‍ എത്തിച്ച് വിതരണം നടത്തുകയാണ് പതിവ്. റബ്ബര്‍ തോട്ടങ്ങളിലെ ഷെഡ്ഡുകളില്‍ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിക്കുന്നത്.

കഞ്ചാവുമായി പിടിയിലായ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിനോദ്, കോട്ടയം സ്വദേശി മാത്യു, തൃശൂര്‍ സ്വദേശി ജോബി എന്നിവരെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം അന്വേഷണത്തിനായി ആന്ധ്രയിലേക്ക് പോകുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന കേരളത്തിലെ ഇടനിലക്കാരെക്കുറിച്ചും സംഘം അന്വേഷണം നടത്തും.

click me!