ചികിത്സ കഴിഞ്ഞ് മടങ്ങിയ ബാലനെ ദ്രോഹിച്ച് വിമാന കമ്പനിയുടെ ക്രൂരത

By Web DeskFirst Published Mar 21, 2018, 6:43 AM IST
Highlights

18ന് രാവിലെ ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് വിദ്യാർത്ഥിക്ക് യാത്ര നിഷേധിച്ചത്.

കോഴിക്കോട്: ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന കാരണം പറഞ്ഞ് കോഴിക്കോട് സ്വദേശിയെ വിമാനത്തിൽ കയറ്റാതെ സ്പൈസ് ജെറ്റ്. അപകടത്തിൽപ്പെട്ട ഇഷാൻ  വിദഗ്ധ ചികിത്സ കഴിഞ്ഞ  കുടുംബത്തോടൊപ്പം മടങ്ങവേ ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് വിമാന കമ്പനി തടഞ്ഞത്    . 

18ന് രാവിലെ ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് വിദ്യാർത്ഥിക്ക് യാത്ര നിഷേധിച്ചത്. വാഹനപകടത്തെ തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് പോയതായിരുന്നു ഇഷാന്റെ കുടുംബം. ഉമ്മയും ജ്യേഷ്ഠനുമൊപ്പമാണ് മടങ്ങിയത്. എന്നാൽ കുട്ടിക്ക് യാത്ര ചെയ്യാൻ പറ്റില്ലെന്ന് വിമാന കമ്പനി അധികൃതർ പറയുകയായിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും യാത്ര ചെയ്യാൻ തടസ്സമില്ലെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അറിയിച്ചിട്ടും  നിലപാട് മാറ്റാൻ അധികൃതർ തയ്യാറായില്ല. ഡോക്ടറെ വിളിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ലെന്ന് കുടുംബം പറയുന്നു.

 ഒടുവിൽ ഇവരെ കയറ്റാതെ വിമാനം പോയി. പിന്നീട് മറ്റൊരു  വിമാനത്തിൽ കൊച്ചിയിലേക്ക് ടിക്കറ്റെടുക്കേണ്ടി വന്നു.  മാനുഷിക പരിഗണന നിഷേധിച്ച് മണികൂറുകളോളം വിമാനതാവളത്തിൽ ഇരുത്തി ബുദ്ധിമുട്ടിച്ച വിമാന കമമ്പനിക്കെതിരെ എയർപോർട്ട് അതോറിറ്റിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

click me!