
സൗദിയില്‍ അഞ്ചു ലക്ഷത്തോളം വിദേശികള്‍ കഴിഞ്ഞ വര്‍ഷം സ്‌പോണ്‍സര്‍ഷിപ്പ് മാറിയതായി റിപ്പോര്‍ട്ട്. അവകാശങ്ങള്‍ നിഷേധിക്കുന്ന തൊഴിലുടമകളില്‍ നിന്നും പിരിയാന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന അധികാരം ലക്ഷക്കണക്കിന് വിദേശികള്‍ പ്രയോജനപ്പെടുത്തുന്നതായാണ് സൂചന.
ചെയ്യുന്ന ജോലിക്കനുസരിച്ചു പദവി ശരിയാക്കാനുള്ള അവസരം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ ഉപയോഗപ്പെടുത്തുന്നതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 4,80,000 വിദേശികളാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയത്. തൊട്ടു മുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇരുപത്തിയൊന്നു ശതമാനം കുറവാണ്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും, ലേബര്‍ കാര്‍ഡിലെ പദവി മാറ്റവും ഓരോ വര്‍ഷവും കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞ് പകരം സ്വദേശികളുടെ എണ്ണം കൂടി വരുന്നതായി ഇതിനെ മാനവവിഭവ ശേഷി വകുപ്പ് വിലയിരുത്തുന്നു. തൊഴിലുടമയില്‍ നിന്നും ന്യായമായ അവകാശങ്ങള്‍ ലഭിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് വേറെ ജോലി കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ നല്‍കുന്ന അവസരം മലയാളികള്‍ ഉള്‍പ്പെടെ പലരും പ്രയോജനപ്പെടുത്തി. നിതാഖാത് പ്രകാരം തൊഴിലുടമ ചുവപ്പ് വിഭാഗത്തിലായാലും, മൂന്നു മാസത്തിലേറെ ശമ്പളം വൈകിയാലും ഇങ്ങനെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം. നിലവിലുള്ള സ്‌പോണ്‍സറുടെ സമ്മതമില്ലാതെ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി നല്‍കുന്നത് നിയമലംഘകരായ തൊഴിലുടമകള്‍ക്കുള്ള ശിക്ഷയാണെന്ന് തൊഴില്‍ മന്ത്രാലയം പ്രതിനിധി പറഞ്ഞു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിരവധി തൊഴില്‍ നിയമ ഭേതഗതികള്‍ സമീപകാലത്ത് കൊണ്ട് വന്നിരുന്നു. 2013 ലെ പൊതുമാപ്പ് കാലയളവില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ പദവി ശരിയാക്കിയിരുന്നു. എന്നാല്‍ നിലവിലുള്ള പൊതുമാപ്പില്‍ പദവി ശരിയാക്കാന്‍ സാധിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam