
തിരുവനന്തപുരം: ഒന്നരമാസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടരുന്ന യുവാവിന്റെ ആരോഗ്യനില വഷളാകുന്നു. മൂന്ന് വര്ഷം മുന്പ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനുജനെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ നിരാഹാരം. കേസില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിന്മേലും ഇതുവരെ നടപടിയുണ്ടായില്ല. സംഭവത്തിൽ സര്‍ക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തി.
2014 മെയ് 19നാണ് മോഷണക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിനെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷമാണ് ഗുരുതര പരിക്കുകളോടെ ശ്രീജിവ് തിരുവനന്തപുരം മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വീട്ടുകാര്‍ അറിയുന്നത്. ശ്രീജിവ് വിഷം കഴിച്ചുതായായാണ് പൊലീസ് വിശദീകരണം.എന്നാല്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും എല്ലാം തെളിഞ്ഞതോടെ ലോക്കപ് മരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
നിയമപോരാട്ടം തുടങ്ങി, മനുഷ്യാവശകമ്മീഷനും പൊലീസ് കംപ്ലേയിന്റെ അതോറിറ്റിയും ഇടപെട്ടു.10 ലക്ഷം രൂപ നഷ്ടപരിഹാരവും പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നീ ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. നഷ്ടപരിഹാരം ലഭിച്ചെങ്കിലും നാളിതുവരെയായിട്ടും ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. 38 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.ആരോഗ്യനില വഷളായെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ നിരാഹാരം തുടരാന്‍ തന്നെയാണ് ശ്രീജിത്തിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam