
കൊളംബോ: ശ്രീലങ്ക ഭരണപ്രതിസന്ധിയിലേക്ക്. അപ്രതീക്ഷിത നീക്കത്തിൽ പ്രസിഡന്റ് മൈത്രീപാലാ സിരിസേന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗേയ്ക്കുള്ള പിന്തുണ പിൻവലിച്ചു. മുൻ പ്രസിഡന്റ് മഹീന്ദ രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹീന്ദ രജപക്സെയെ ഭരണത്തിൽനിന്ന് പുറത്താക്കാനാണ് രാഷ്ട്രീയമായി ഏറെ അഭിപ്രായ വ്യത്യാസമുണ്ടായിട്ടും മൈത്രിപാല സിരിസേനയും റെനിൽ വിക്രമസിംഗെയും 2015ൽ സഖ്യം രൂപീകരിച്ചത്.
എന്നാൽ ആ കൂട്ടുകെട്ടിന് മൂന്ന് വർഷത്തെ ആയസ്സുമാത്രമേ ഉണ്ടായുള്ളു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് പ്രസിഡന്റ് മൈത്രീപാല സിരിസേന വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിൻവലിച്ച് രജപക്സെക്കൊപ്പം ചേർന്നത്. എന്നാൽ പ്രസിഡന്റിന്റെ നീക്കം ഭരണഘടനാപരമായി നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. 225 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ വേണം. സിരിസേന രജപക്സെ സഖ്യത്തിന് 95 സീറ്റുകൾ മാത്രമാണുള്ളത്. വിക്രമസിംഗെയ്ക്കാകട്ടെ 106 സീറ്റുകളുണ്ട്.
വിക്രമസിംഗെയുടെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കെ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റിന് പ്രധാനമന്ത്രിയെ പുറത്താക്കാൻ ആകില്ല. ഇക്കാര്യം അവഗണിച്ചാണ് സിരിസേനയുടെ നീക്കം. വിക്രമസിംഗെയെ പുറത്താക്കാൻ ഏപ്രിലിൽ രജപക്സെ അനുകൂലികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിപ്പോയിരുന്നു. പ്രസിഡന്റിന് നേരെ വധശ്രമം ഉണ്ടായ സംഭവത്തിൽ വിക്രമസിംഗെ കാര്യക്ഷമമായ നടപടി എടുത്തില്ലെന്ന് സിരിസേനക്ക് ആക്ഷേപമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ രജപക്സെ വിഭാഗം വൻ വിജയം നേടിയതും സിരിസേനയുടെ തീരുമാനത്തെ സ്വാധീനിച്ചു. നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യ വിരുദ്ധമായ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നും വിക്രമസിംഗെ സർക്കാരിലെ ധനമന്ത്രിയായിരുന്ന മംഗല സമരവീര ആരോപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam