
ദുബായ്: എസ്എസ്എല്‍സി കണക്ക് പരീക്ഷ മാറ്റിവെച്ചത് പ്രവാസി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വെട്ടിലാക്കി. നിരവധിപേര്‍ പരീക്ഷ കഴിയുന്ന ദിവസം തന്നെ നാട്ടിലേക്കുപോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പരീക്ഷ മാറ്റിവെച്ചതോടെ പലരും ടിക്കറ്റ് മാറ്റുന്ന തിരക്കിലാണ്. ടൈംടേബിള്‍ പ്രകാരം ഇന്നായിരുന്നു അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്. തുടര്‍ന്ന് ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇരുപത്തിയൊമ്പതാം തിയതിയാണ് ക്രമീകരിച്ചിരുന്നത്.
എന്നാല്‍, 20-ന് നടന്ന കണക്ക് പരീക്ഷ 30 ലേക്ക് മാറ്റിവെച്ചതോടെ പ്രവാസി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി. മുന്‍പ് ലഭിച്ച ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയിലെ മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ആദ്യം നടന്ന കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ പലതും പഴയ രീതിയില്‍ വന്നത് പുതിയ സിലബസ് പിന്തുടര്‍ന്ന കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അതുകൊണ്ട് വരാനിരിക്കുന്ന പരീക്ഷയെ ഗൗരവത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ നോക്കികാണുന്നത്.
ഏപ്രില്‍ 12-ന് ആണ് യു.എ.ഇ.യിലെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത്. പരീക്ഷ കഴിഞ്ഞ് നാട്ടില്‍ പോയി വിഷുവും ഈസ്റ്ററും ആഘോഷിച്ച് തിരിച്ചുവരുന്ന തരത്തിലാണ് പല കുടുംബങ്ങളും അവധി ക്രമീകരിച്ചിരുന്നത്. തിയതിയില്‍ മാറ്റം വന്നതോടെ പലരുടെയും നാട്ടിലേക്കുള്ള യാത്ര താളം തെറ്റി.
ഒരു മാസം മുന്‍പ് 300ദിര്‍ഹം മുതലുള്ള നിരക്കിലാണ് പലരും നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, 600 ദിര്‍ഹം മുതലാണ് ഏപ്രില്‍ മൂന്നിന് ശേഷം നാട്ടിലേക്ക് മാത്രമുള്ള ടിക്കറ്റ് നിരക്ക്. ചില ദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കാനുമില്ല. ഭീമമായ ടിക്കറ്റ് നിരക്ക് കാരണം നാലുപേരടങ്ങുന്ന കുടുംബങ്ങളില്‍ യാത്ര റദ്ദാക്കിയവരും കുറവല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam