
തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. അത്തരം അവകാശവാദങ്ങള്‍ അസംബന്ധമാണ്. ഞാന്‍ മേല്‍ജാതിക്കാരനാണ് എന്ന് ആള്‍ക്കാരുടെ മനസില്‍ തോന്നുന്നത് അപകടകരമായ ഒരവസ്ഥയാണെന്നും പോള്‍ തേലക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഫാദര്‍ പോള്‍ തേലക്കാട്ട് നിലപാട് വ്യക്തമാക്കിയത്.
തോമാശ്ലീഹ വന്നു മാമോദീസ മുക്കിയ ബ്രാഹ്മണരാണെന്ന ചിലരുടെ അവകാശവാദം ജാതി വ്യവസ്ഥയെ അനുകൂലിക്കലല്ലേ?
തോമാശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരെന്ന് ചിലര്‍ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. തോമാശ്ലീഹാ വന്നുവെന്ന് പറയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിലാണ്. ആ സമയത്ത് ഇവിടെ ബ്രാഹ്മണരില്ല. ഇവിടെ ബ്രാഹ്മണര്‍ എത്തിയത് ഏഴാം നൂറ്റാണ്ടിന് ശേഷമാണെന്നാണ് ചരിത്രം വിശദമാക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലെ തോമാശ്ലീഹാ ഏഴാം നൂറ്റാണ്ടിലെ ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തുക?
എന്നിട്ടെന്താണ് സഭ ഈ കാര്യത്തില്‍ നിലപാട് എടുക്കാത്തത്?
ഞാന്‍ സഭയ്ക്കെതിരായ റിബല്‍ ഒന്നുമല്ല. യേശുക്രിസ്തു ജീവിച്ചതു പോലെ ജീവിക്കനാണ് സഭ ശ്രമിക്കേണ്ടത്. എന്നാല്‍ അതില്‍ സഭയ്ക്ക് കൈമോശം വന്നിട്ടുണ്ട്. ജാതീയ ചിന്തയാണ് അങ്ങനെ പെരുമാറുന്നതില്‍ നിന്ന് സഭയെ വിലക്കുന്നത്. യേശുക്രിസ്തു റിബല്‍ ആയിരുന്നു. മനുഷ്യത്വത്തെക്കുറിച്ചുള്ള അഗാധമായ സ്നേഹത്താലാണ് ക്രിസ്തു റിബല്‍ ആയത്.
സമൂഹത്തിലെ സാധാരണക്കാരന്റെ ഒപ്പമാണ് യേശുക്രിസ്തുവുണ്ടായിരുന്നത്. എന്നാല്‍ സഭ ഇന്ന് പിന്തുടരുന്നത് ആ നിലപാടാണോ?
ക്രിസ്തീയതയുടെ ആദിമ സ്വാഭാവത്തെ ഉള്‍ക്കൊള്ളാന്‍ ആഢ്യബോധം നമ്മെ വിലക്കുന്ന അവസ്ഥ നിലവിലുണ്ട്. അത് നമ്മുടെ കുഴപ്പം കൊണ്ട് സംഭവിച്ച കാര്യം തന്നെയാണ്. ക്രിസ്തു എന്നും സാധാരണക്കാര്‍ക്ക് ഒപ്പമായിരുന്നു എന്നതാണ് വസ്തുത.
ജാതിവ്യവസ്ഥ ഇല്ലാത്ത ക്രിസ്ത്യാനികള്‍ക്ക് എന്തിനാണ് ജാതിചിന്ത?
ജാതീയത അവകാശപ്പെടാത്ത ഒരു മാനവിക തത്വമാണ് ക്രിസ്തീയത. അതുപോലെ തന്നെയാണ് മാര്‍ക്സിസവും. എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ രണ്ടു വിഭാഗത്തിനും ഈ മനോഭാവം ഉണ്ട്. അതുകൊണ്ടാണ് ഇവിടെയുള്ള കമ്യൂണിസ്റ്റുകള്‍ ജാതിവാല്‍ ഒപ്പം കൂട്ടുന്നതും, ക്രിസ്ത്യാനികള്‍ തോമാശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരാണ് തങ്ങളെന്ന് അവകാശപ്പെടുന്നതും. ജാതിചിന്ത പുലര്‍ത്താത്ത മാര്‍ക്സിസത്തില്‍ പോലും ഇതാണ് അവസ്ഥ എന്ന് തിരിച്ചറിയണം.
ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉപയോഗിക്കുന്ന തിരുമേനി, അരമന തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇതിന്റെ പിന്തുടര്‍ച്ചയാണ്. അതിന്‍റെ ധ്വനി ജാതീയമായ കണ്ണുകളോടെ കാര്യങ്ങള്‍ നോക്കി കാണുന്നുവെന്നതാണ്. എല്ലാവര്‍ക്കും ഒരു ആഢ്യവര്‍ഗം ആകാനുള്ള മോഹം അന്തര്‍ലീനമായിട്ടുണ്ട്. അതാണ് ഇത്തരം പ്രവണതകളുടെയെല്ലാം പിന്നിലുള്ള ഘടകം.
ക്രിസ്തുമതത്തിന് ഇത്തരം ജാതിവ്യവസ്ഥയുടെ പിന്തുണ ആവശ്യമാണോ?
ക്രിസ്തുമതത്തിന് ജാതിവ്യവസ്ഥയുടെ ആവശ്യ ഇല്ല. സഭയില്‍ അങ്ങനെ പാടില്ല എന്നത് വ്യക്തമാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അത്തരം മനോഭാവം കൊണ്ടുനടക്കുന്നു. അത് ഹിന്ദുത്വ അജന്‍ഡയുടെ വേരുകള്‍ നമ്മളില്‍ ചുവടുറപ്പിക്കുന്നതിന്റെ ലക്ഷണമാണ്. ഹിന്ദുത്വത്തിന്റെ വേരുകള്‍ ഇവിടെ എല്ലാവരിലും പരന്നിട്ടുണ്ട്. ആ ഭയമാണ് എനിക്ക് പങ്ക്‌വെക്കാനുള്ളത്.
സമീപകാലത്ത് ജാതിവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുകയാണല്ലോ ?
താനൊരു മേല്‍ജാതിക്കാരനാണ് എന്ന് ആളുകള്‍ക്ക് തോന്നുന്നത് അപകടകരമായ അവസ്ഥയാണ്. ആ സാഹചര്യം ഇവിടെ വന്നതില്‍ എനിക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. ജാതി സമ്പ്രദായം നമ്മുടെ നാടിന്റ ശാപമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ദളിത് വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലെത്തിയവര്‍ക്ക് സഭയില്‍ ജാതി വിവേചനം നേരിടുന്നത് എന്തുകൊണ്ടാണ്?
പള്ളികളില്‍ ആദിവാസി ക്രിസ്ത്യാനിയെന്നും മറ്റ് ക്രിസ്ത്യാനികളെന്നും വേര്‍തിരിച്ച് കാണുന്നു. അത്തരം ചിന്തയ്ക്ക് വളമിട്ടതില്‍ പുരോഹിതര്‍ക്ക് കൃത്യമായ പങ്കുണ്ട്. ആ വേര്‍തിരിവ് സൃഷ്ടിച്ചത് ഞാനടങ്ങുന്ന പുരോഹിതരാണ്. ജാതി വിവേചനം പാടില്ല എന്ന് വ്യക്തമായി അറിയുന്നവര്‍ ഇങ്ങനെ ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കേണ്ട കാര്യമല്ല.
ദളിത് സമുദായത്തിന് നേരെ ഉയരുന്ന ആക്രമണങ്ങളെയും അവരുടെ ചെറുത്ത് നില്‍പിനെയും കുറിച്ച് എന്താണ് അഭിപ്രായം?
ഇവിടെ എല്ലാവരെയും പോലെ ദളിതര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ദളിതര്‍ക്ക് ആനുകൂല്യം നല്‍കുന്ന ബ്രാഹ്മണരായി നമ്മള്‍ മാറുന്നയിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. നമ്മുടെ ചുറ്റുമുള്ള എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവസരം നല്‍കുകയെന്നതാണ് നമ്മുടെ മൗലികമായ ഉത്തരവാദിത്വം.
കേരളത്തില്‍ ദളിതര്‍ ആക്രമിക്കപ്പെടുന്നതിനെ എങ്ങനെയാണ് കാണുന്നത്?
ഹിന്ദുത്വം ഇവിടെ വളരുന്നു എന്നതിന്റെ തെളിവാണത്. അത് ബിജെപി വ്യാപിക്കുന്നത് കൊണ്ടല്ല. എന്നാല്‍, നമ്മളിലെല്ലാം ഉറങ്ങിക്കിടക്കുന്ന ജാതീയത ഉണര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ആ വികാരം ഹിന്ദുക്കളില്‍ മാത്രമല്ല, മുസ്ലീമിലും ക്രിസ്ത്യാനിയിലുമെല്ലാം അവര്‍ ഉണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഹിന്ദുത്വം എന്നത് ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ലെന്ന് പറയുന്നത്.
അപരിഷ്കൃതമായ ആഢ്യ മനോഭാവം ഉണര്‍ത്താന്‍ ബിജെപിക്ക് കഴിയുന്നുണ്ട്. അതില്‍ മത വ്യത്യാസമില്ല. അങ്ങനെ അവര്‍ക്ക് ചെയ്യാന്‍ അവസരം നല്‍കിയത് ഞാന്‍ അടക്കമുള്ള സമൂഹമാണ്. പറയനെയും പുലയനെയും പാവപ്പെട്ടവനെയും താഴ്ന്നവനായി കാണുന്ന കണ്ണുകള്‍ ശുചിയാക്കാന്‍ നമുക്ക് കഴിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam