ലൈറ്റ് മെട്രോ പ്രതിസന്ധിയിലായത് സര്‍ക്കാറിന്റെ മെല്ലപ്പോക്ക് കാരണം തന്നെ

By Web DeskFirst Published Mar 10, 2018, 10:51 AM IST
Highlights

പദ്ധതിരേഖ, പഠനത്തിനായി ഫിനാൻസ് സെക്രട്ടറിയടങ്ങുന്ന മൂന്നംഗ സമിതിയുടെ കയ്യിലാണ്. ഇതില്‍ ഒരു തീരുമാനവും സർക്കാര്‍ എടുത്തിട്ടില്ല.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടാത്തതാണ് ലൈറ്റ് മെട്രോക്ക് തടസമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖയിൽ സര്‍ക്കാര്‍ അടയിരുന്നത് നാല് മാസമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മെട്രോ നയത്തിനനുസരിച്ച്  ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖയിൽ സമയത്ത് തീരുമാനമെടുക്കാനോ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാനോ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ സര്‍ക്കാറോ തയ്യാറായിട്ടില്ല . 

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടിക്കാനുള്ള സാധ്യതാ പഠനവും ഉപദേശവുമായിരുന്നു ദില്ലി മെട്രോ റെയിൽ കോര്‍പറേഷന്റെ ചുമതല. നിര്‍മ്മാണ കരാറില്ലെങ്കിലും പ്രാഥമിക പണികൾക്ക് ചുമതലപ്പെടുത്തിയ ഉത്തരവിന്റെ ബലത്തിൽ ഇ ശ്രീധരനും സംഘവും പണി തുടങ്ങി. പൊതു സ്വകാര്യ പങ്കാളിത്തം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ മെട്രോ നയത്തിനനുസരിച്ച് ഡി.പി.ആർ തയ്യാറാക്കി സംസ്ഥാന സര്‍ക്കാറിനെ ഏൽപ്പിച്ചത് 2017 നവംബര്‍ 23നായിരുന്നു. പദ്ധതി ചെലവ് 7400 കോടിയാണ് കണക്കാക്കിയത്. ഇതില്‍ സ്വകാര്യ പങ്കാളിത്ത നിര്‍ദ്ദേശം 220 കോടിയും കേന്ദ്രസഹായം കിട്ടേണ്ടത് 1123 കോടിയുമാണ്. ഈ പദ്ധതിരേഖ, പഠനത്തിനായി ഫിനാൻസ് സെക്രട്ടറിയടങ്ങുന്ന മൂന്നംഗ സമിതിയുടെ കയ്യിലാണ്. ഇതില്‍ ഒരു തീരുമാനവും സർക്കാര്‍ എടുത്തിട്ടില്ല.

കഴിഞ്ഞ 14 മാസമായി ഡി.എം.ആര്‍.സി ലൈറ്റ് മെട്രോയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഓഫീസും ജീവനക്കാരും. ഒരുമാനത്തെ ഓഫീസ് പ്രവര്‍ത്തനത്തിന് മാത്രം 16 ലക്ഷം രൂപയാണ് ചെലവ്. അനിശ്ചിതത്വങ്ങൾ ഒഴിവാക്കണമെന്ന ഡി.എം.ആര്‍.സിയുടെ നിര്‍ദ്ദേശം സര്‍ക്കാർ മുഖവിലക്കെടുത്തില്ല. എന്തിനേറെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രാഥമിക പ്രവര്‍ത്തനങ്ങൾക്ക് അനുമതി നൽകുന്ന സര്‍ക്കാര്‍ ഉത്തരവിനപ്പുറം ഡി.എം.ആര്‍.സിയുമായി കരാറുണ്ടാക്കാൻ പോലും തയ്യാറായതുമില്ല.
 

click me!