
ദില്ലി: കര്‍ണാടക സര്‍ക്കാർ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഒക്ടോബർ നാലിനകം കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി.കര്‍ണാടകത്തിന്റെ എതിര്‍പ്പുകൾ തള്ളി കാവേരിയിൽ നിന്ന് തമിഴ്നാട്ടിന് വെള്ളം നൽകണമെന്ന് വീണ്ടും സുപ്രീംകോടതി ഉത്തരവിട്ടു.
ആവര്‍ത്തിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും കര്‍ണാടക സര്‍ക്കാർ അത് നടപ്പാക്കാൻ തയ്യാറാകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ കര്‍ണാടകത്തിന് ഭരണഘടനാപരമായി അവകാശമുണ്ട്. ഇതിനപ്പുറം ഒന്നുംപറയാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഒക്ടോബര്‍ ഒന്നു മുതൽ ആറു വരെ കാവേരിയിൽ നിന്ന് സെക്കന്‍റിൽ 6000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് വീണ്ടും ഉത്തരവിട്ടു.
കൂടാതെ കാവേരി നദിജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ഒക്ടോബര്‍ 4നകം കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കര്‍ണാടകം, തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ രണ്ട് വീതം പ്രതിനിധികൾ ബോര്‍ഡിൽ ഉണ്ടാകണം. ആരൊക്കെയാണ് പ്രതിനിധികളെന്ന് ഒക്ടോബര്‍ 1ന് വൈകീട്ട് 4 മണിക്കകം അറ്റോര്‍ണി ജനറൽ മുകുൾ റോത്തക്കിയെ അറിയിക്കുകയും വേണം. കാവേരി മാനേജുമെന്റ് ബോര്‍ഡ് കര്‍ണാടകത്തിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി ഒക്ടോബര്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പ്രശ്നപരിഹാരത്തിനായി ഇരുസംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങൾ അറ്റോര്‍ണി ജനറൽ മുകുൾ റോത്തക്കി കോടതി അറിയിച്ചു. കര്‍ണാടക സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഫാലി എസ് നരിമാനാണ് കോടതിയിൽ ഹാജരായിരുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വരെ കര്‍ണാടകത്തിന് വേണ്ടി ഈ കേസ് വാദിക്കില്ലെന്ന് ഫാലി എസ് നരിമാൻ കോടതിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam